ഒരേ യാത്രയ്‌ക്ക് നാല് നിരക്കുകളില്‍ പറക്കാനുള്ള സൗകര്യമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. Xpress Lite, Xpress Value, Xpress Flex, Xpress Biz എന്നീ ഓഫറുകൾ നിങ്ങൾ അറിഞ്ഞിരുന്നോ?
നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്‌ക്കുള്ള നിരക്കായ എക്‌സ്പ്രസ് വാല്യൂ, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്‌ക്കുള്ള പ്രത്യേക നിരക്കായ എക്‌സ്പ്രസ് ലൈറ്റ്, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്‌ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്‌സ്പ്രസ് ഫ്‌ലെക്‌സ് എന്നിവയ്‌ക്ക് പുറമേ എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ലൈന്‍ അവതരിപ്പിച്ചു.
ഇതോടെ യാത്രക്കാര്‍ക്ക് ഇഷ്‌ടമുള്ള രീതിയില്‍ പറക്കാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുക്കുന്നത്. എല്ലാ പുതിയ എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737-8 വിമാനങ്ങളിലും എക്സ്പ്രസ് ബിസ് നിരക്കുകൾ ലഭ്യമാണ്. എക്‌സ്‌പ്രസ് ബിസ് നിരക്കുകൾ ബുക്ക് ചെയ്യുമ്പോൾ ആഭ്യന്തര വിമാനങ്ങൾക്ക് 25 കിലോഗ്രാമും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 40 കിലോഗ്രാമും വർധിപ്പിച്ച ലഗേജ് അലവൻസുകൾ യാത്രക്കാർക്ക് ലഭിക്കും. ഈ നിരക്ക് ചെക്ക്-ഇൻ, ബാഗേജ്, ബോർഡിംഗ് സേവനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നു.
ഇന്ത്യയിൽ 70-ലധികം റൂട്ടുകളിലായി എയർ ഇന്ത്യ എക്സ്പ്രസ് ഇതിനകം തന്നെ ബിസ് സീറ്റുകളുള്ള വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്.