യുഎഇയിലെ യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായി കണക്കുകൾ. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇയിൽ ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
യുഎഇയിൽ 50 വയസിൽ താഴെയുളളവർക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അപൂർവമായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഈ അവസ്ഥ പാടെ മാറി. യുഎഇയിലെ മുതിർന്ന പൗരന്മാരിൽ 40 ശതമാനം ആളുകൾക്ക് ഹൃദ്രോഗം വരാനുളള സാധ്യത കൂടുതലാണെന്ന് എമിറേറ്റ്‌സ് കാർഡിയോക് സൊസൈറ്റി പ്രസിഡന്റ് ഡോ. ജുവൈരിയ അൽ അലി പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനുളളിൽ 10,000 ചെറുപ്പക്കാരിൽ 60 മുതൽ 70വരെ ആളുകൾ ഹൃദയാഘാതം മൂലം മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പുകവലി, ചിട്ടയായ വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും ഡോ.ജുവൈരിയ അൽ അലി വ്യക്തമാക്കി. ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടാകുമ്പോഴാണ് പലരും രോഗത്തെ കുറിച്ച് അറിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.