യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ബ്ലൂ കോളർ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം രംഗത്ത്. ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും കുറഞ്ഞ നിരക്കിൽ ഇൻ്റർനാഷണൽ കോളുകളും നൽകുന്ന മൊബൈൽ സേവനമാണ് പ്രഖ്യാപിച്ചത്. ഹാപ്പിനെസ് സിം എന്നപേരിലാണ് ഓഫർ.
പ്രവാസി തൊഴിലാളികളുടെ ഹാപ്പിനസ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമാണ് ഹാപ്പിനസ് സിം എന്ന് അധികൃതർ വ്യക്തമാക്കി. നാട്ടിലെ കുടുംബത്തെ കുറഞ്ഞചിലവിൽ വിളിക്കാനും വീഡിയോ കോളിലൂടെ മക്കളേയും ബന്ധുക്കളേയും കാണാനും നേരിടുന്ന അധിക ചിലവ് ഒഴിവാക്കിയതാണ് ഗുണം ചെയ്യുക. മൊബൈൽ സേവന ദാദാക്കളായ ‘ഡു’വുമായി ചേർന്നാണ് ഹാപ്പിനസ് സിം പദ്ധതി.
മൊബൈൽ സർവ്വീസ് സെൻ്ററുകളിൽ നിന്നും ഗൈഡൻസ് സെൻ്ററുകളിൽ നിന്നും ഹാപ്പിനസ് സിം ലഭ്യമാണ്. ഓൺലൈനായും സിം എടുക്കാം. തൊഴിൽ കരാറുകൾ പുതുക്കുമ്പോഴും സിം കാർഡ് ലഭിക്കുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ബ്ലൂ കോളര്‍ തൊഴിലാളികളുടെ ക്ഷേമം കാര്യക്ഷമമാക്കുന്നതിൽ അഭിമാനമുണ്ടെന്നും യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആയേഷ ബെല്‍ഹര്‍ഫിയ പറഞ്ഞു.