യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 10 വർഷത്തെ ഗോൾഡൻ വിസയ്ക്കുള്ള അപേക്ഷാ ഫീസ് മൂന്നിരട്ടി വർധിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. അപേക്ഷാ ഫീസ് 13 ഡോളറിൽ നിന്ന് 41 ഡോളറായി ഉയർത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ.
അതോറിറ്റി ഫീസ്, ഇലക്ട്രോണിക് സേവന ഫീസ്, സ്മാർട്ട് സേവന ഫീസ് എന്നിവ ഉൾപ്പെടുന്നതാണ് പുതിയ നിരക്കുകൾ. സ്പോൺസറില്ലാതെ അഞ്ചോ പത്തോ വർഷത്തേക്ക് അപേക്ഷിക്കാൻ താമസക്കാർക്ക് അവസരം നൽകിക്കൊണ്ട് 2020ലാണ് യുഎഇ ആദ്യമായി ഗോൾഡൻ റെസിഡൻസി പ്രോഗ്രാം ആരംഭിച്ചത്.
പ്രഗത്ഭരായ വ്യക്തികൾ, ഗവേഷകർ, മികച്ച വിദ്യാർത്ഥികൾ, ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, നവീനർ, കായികതാരങ്ങൾ, സംരംഭകർ, സാമ്പത്തിക, റിയൽ എസ്റ്റേറ്റ് മേഖലകളിലെ നിക്ഷേപകർ, വളർന്നുവരുന്ന കമ്പനികൾ എന്നിവര്‍ക്കാണ് ഗോൾഡന്‍ വിസ നല്കി വന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് അവരുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ അനുവദിക്കാന്‍ തീരുമാനം ആയിരുന്നു.
യുഎഇയിൽ ജോലി ചെയ്യാനും ജീവിക്കാനും കഴിവുള്ള വ്യക്തികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി യുഎഇ നടപ്പാക്കിയത്. വ്യക്തികൾക്ക് ഐസിപി വെബ്സൈറ്റിൽ അവരുടെ യോഗ്യത പരിശോധിക്കാൻ കഴിയും. അതിലൂടെ ഒരു ഗോൾഡൻ വിസ നൽകുന്നതിന് മുമ്പ് ഒരു പ്രാഥമിക ഇലക്ട്രോണിക് അംഗീകാരം നൽകും. 2022-ൽ യുഎഇ എല്ലാ വിഭാഗങ്ങളിലായി 79,617 ഗോൾഡൻ വിസകൾ നൽകിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) ജനുവരിയിൽ അറിയിച്ചിരുന്നു.