യുഎഇയിൽ ഇന്നും ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ദൃശ്യപരത കുറയുന്നതിനാൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അധികൃതർ അറിയിച്ചു.
മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഡ്രൈവർമാരോട് സുരക്ഷിതമായി വാഹനമോടിക്കാനും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിക്ക് അനുസരിച്ച് വാഹനമോടിക്കാനും അധികൃതർ നിർദേശിച്ചു.
ഇന്ന് അബുദാബിയിലും ദുബായിലും താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. പർവതപ്രദേശങ്ങളിൽ അവ 19 ഡിഗ്രി സെൽഷ്യസായി കുറയുകയും ആന്തരിക പ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും. അതോടൊപ്പം ഇന്ന് രാത്രിയിലും നാളെ രാവിലെയും ഈർപ്പമുള്ള അവസ്ഥയാണ് പ്രതീക്ഷിക്കുന്നുത്. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.
ചില റോഡുകളിൽ വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. വേഗപരിധി കുറച്ച റോഡുകൾ ഇവയാണ്.
• അബുദാബി അൽ ഐൻ (അൽ ഖതം – റസീൻ)
• അബുദാബി അൽ ഐൻ (അൽ വത്ബ – അൽ ഫയ)
• അബുദാബി സ്വീഹാൻ റോഡ് (സിവിൽ ഡിഫൻസ് റൗണ്ട്എബൗട്ട് – സ്വീഹാൻ റൗണ്ട്എബൗട്ട്)
• അബുദാബി അൽ ഐൻ (റുമ – അൽ ഖസ്‌ന)
• ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് (കിസാദ് – സെയ്ഹ് അൽ സെദിര)
• അൽ താഫ് റോഡ് (സ്വീഹാൻ റൗണ്ട് എബൗട്ട് – അൽ സാദ്)
• സ്വീഹാൻ റോഡ് (നഹിൽ – അബുദാബി)
• അൽ താഫ് റോഡ് (അൽ സാദ് – അൽ അജ്ബാൻ)