കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വലഞ്ഞ യുഎഇയ്ക്ക് ഇതാ ഒരു ആശ്വാസ വാർത്ത. വ്യക്തിഗത, കാർ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കുന്നതിന് ആറ് മാസത്തെ സാവകാശം അനുവദിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) എല്ലാ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നോട്ടീസ് നൽകി.
അധിക ഫീസുകളോ പലിശയോ ചുമത്താതെയോ ഇഎംഐ വർദ്ധിപ്പിക്കുകയോ ചെയ്യാതെയാണ് ആറ് മാസത്തെ സാവകാശം ലഭിക്കുക. കനത്ത മഴയിൽ നിരവധി വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടം സംഭവിച്ചിരുന്നു. വാഹനങ്ങൾക്ക് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. വീടുകൾക്കും ഇത് ബാധകമാണെന്നും സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.
ഇൻഷുറൻസ് അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കാനും സെൻട്രൽ ബാങ്ക് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, ഇൻഷുറൻസുമായി എന്തെങ്കിലും പരാതിയോ തർക്കമോ ഉണ്ടെങ്കിൽ ഫിനാൻഷ്യൽ ഇൻഷുറൻസ് ഓംബുഡ്‌സ്മാനായ www.sanadak.gov.ae നെ സമീപിക്കാം.