സംയോജിത ഗതാഗത പദ്ധതിക്ക് തുടക്കമിട്ട് യുഎഇയും ബഹ്റിനും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കുകയും ഡ്രൈവർമാർ നടത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന പദ്ധതിയാണ് ആവിഷ്കരിച്ചത്.
ഇരു രാജ്യങ്ങളും തമ്മില്‍ ചൊവ്വാഴ്ച നടന്ന സംയുക്ത സുരക്ഷാ സമിതിയുടെ യോഗത്തിലാണ് പുതിയ പദ്ധതിയെപ്പറ്റി പ്രഖ്യാപിച്ചത്. നെറ്റ്വർക്കുകൾ തിരഞ്ഞെടുക്കുന്നതിനും സേവനങ്ങൾ ലിങ്ക് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങൾ ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്തു. ഉദ്യോഗസ്ഥതല വിലയിരുത്തലുകൾക്കും സാങ്കേതിക തല പരിശോധനകൾക്കും ശേഷമാണ് പരീക്ഷണ ഘട്ടം ആരംഭിച്ചത്.
ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായി ഗതാഗത വിഭാഗത്തെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും തുടരുകയാണ്. ജിസിസി പൗരന്മാരുടെ ജീവിതനിലവാരം വർധിപ്പിക്കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ചട്ടങ്ങൾ ക്രമീകരിക്കുക, ക്രിമിനൽ നിയമ സംവിധാനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക ചര്‍ച്ചകളാണ് നടന്നത്.