സ്വകാര്യ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റാണ് (എഡിജെഡി)നിർദ്ദേശം നൽകിയത്. സ്വകാര്യത സംരക്ഷിക്കാനും സൈബർ ചൂഷണത്തിന് ഇരയാകുന്നത് ഒഴിവാക്കാനുമാണ് നിർദ്ദേശമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ ഫീച്ചറുകളുമായി സ്മാർട്ട്‌ഫോണുകളുടെ പുതിയ മോഡലുകൾ വരുന്നതോടെ സുരക്ഷ കൂടുതൽ കർശനാക്കേണ്ടതുണ്ട്. പലരും തങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ വിൽക്കാറാണ് പതിവ്.അനധികൃത വ്യക്തികൾ ഫോണിലെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത ഒഴിവാക്കാൻ ജാഗ്രതവേണമെന്നും എഡിജെഡി ഓർമ്മിപ്പിച്ചു.
ഫോണിലെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും മറ്റും ഉപയോഗിച്ച് ബ്ളാക് മെയിലിങ്ങും ചൂഷണവും നടക്കാനുള്ള സാധ്യതകൾ ഏറെയാണെന്നും അധികൃതർ പറയുന്നു. തങ്ങളുടെ ഉപകരണങ്ങളൾ വിൽക്കുകയോ കൈമാറുകയോ ചെയ്യുന്നതിന് മുൻപ് പ്രധാനപ്പെട്ട ഡാറ്റ ബാക്കപ്പ് ചെയ്തുവെക്കണം. അവയിലെ എല്ലാ സെൻസിറ്റീവ് വിവരങ്ങളും പ്രത്യേകിച്ച്, സ്വകാര്യ ഫോട്ടോകളും വീഡിയോകളും പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും എഡിജെഡി യുഎഇയിലെ താമസക്കാരോട് അഭ്യർത്ഥിച്ചു.