അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) തന്റെ ആറ് മാസത്തെ ദൗത്യത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്. ഭൂമിയിൽ തിരിച്ചെത്തിയ നെയാദി ഒരു ഉന്നത ഉദ്യോഗസ്ഥനോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. “ഞാൻ അടുത്ത ദൗത്യത്തിന് തയ്യാറാണ് ” എന്നാണ് നെയാദി പറയുന്നത്.
ഭൂമിയിലേക്കുള്ള 17 മണിക്കൂർ യാത്രയ്ക്ക് ശേഷം അൽനെയാദി ഇപ്പോൾ യുഎസിൽ മെഡിക്കൽ നിരീക്ഷണത്തിലാണ്. അൽ നെയാദി സുഖമായിരിക്കുന്നുവെന്നും താൻ അദ്ദേഹത്തെ സന്ദർശിച്ചുവെന്നും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി) ഡയറക്ടർ ജനറൽ സലേം അൽമറി പറഞ്ഞു.
ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശം പൂർത്തിയാക്കിയ അറബ് വംശജനായ അൽനെയാദി സെപ്റ്റംബർ 4 ന് രാവിലെ 8.17 ന് (യുഎഇ സമയം) ഫ്ലോറിഡയിലെ ജാക്സൺവില്ലെ തീരത്താണ് ഇറങ്ങിയത്. 42 കാരനായ അദ്ദേഹം രണ്ടാഴ്ചയ്ക്കുള്ളിൽ യുഎഇയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.