റമദാന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മാനദണ്ഡങ്ങൾ പുറത്തിറക്കി യുഎഇ അധികൃതർ. റമദാനിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശം. ച്യൂയിംഗ്ഗം ചവയ്ക്കുന്നത് വരെ ഇതിൽപ്പെടും. എന്നാൽ അടച്ചട്ട ഇടങ്ങളിൽ നിയമം കർശനമല്ല.
പുണ്യമാസത്തിൽ നോമ്പെടുക്കുന്നവരും അല്ലാത്തവരും പരസ്പരം ബഹുമാനത്തോടെ പെരുമാറണമെന്നും നിർദ്ദേശമുണ്ട്. പൊതുസ്ഥലത്ത് അനാവശ്യമായ സംവാദങ്ങളിലോ വാദപ്രതിവാദങ്ങളിലോ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രാർത്ഥന നടത്തുകയോ ഖുറാൻ പാരായണം ചെയ്യുകയോ ചെയ്യുന്നവരെയോ ശല്യപ്പെടുത്തരുത്.
കാറുകളിലോ വീടുകളിലോ ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നത് ഒഴിവാക്കണം. മാളുകളിലും ശബ്ദ നിയന്ത്രണം ഉറപ്പാക്കണം. യുഎഇ നിവാസികൾ റമദാനിൽ പൊതുസ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കണം. പുരുഷന്മാരും സ്ത്രീകളും അവരുടെ തോളിലും ശരീരത്തിലും കാൽമുട്ടിന് മുകളിലും മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
പുണ്യമാസത്തിൽ ഭക്ഷണം പ്രദർശിപ്പിക്കുന്നതിനുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഷാർജയിൽ ഭക്ഷണശാലകൾക്ക് പ്രത്യേക അനുമതിയും നേടണം. ഷോപ്പിംഗ് സെൻ്ററുകൾ ഉൾപ്പെടെ പകൽ സമയത്ത് ഭക്ഷണ പ്രദർശനങ്ങൾ നടത്തുന്നതിന് 3,000 ദിർഹം ആണ് ഫീസ്. ഇഫ്താറിന് തൊട്ടുമുമ്പ് ഭക്ഷണശാലകൾക്ക് മുന്നിൽ ലഘുഭക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതിന് 500 ദിർഹമാണ് ഫീസ്. ഭക്ഷണം പ്രദർശിപ്പിക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റ് മതസ്ഥർക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കും സേവനം നൽകുന്നതിനായി നിരവധി മാളുകളും റെസ്റ്റോറൻ്റുകളും റമാദാൻ മാസത്തിൽ തുറന്നിരിക്കും. അതേ സമയം ഇഫ്താർ ക്ഷണങ്ങൾ നിരസിക്കുന്നത് മര്യാദയില്ലാമയായാണ് കണക്കാക്കപ്പെടുന്നതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.