യുഎഇയിൽ ഫയലുകൾ ഇനി ചുവപ്പുനാടയിൽ കുരുങ്ങില്ല. ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ഗവൺമെന്റ് ജീവനക്കാർക്ക് ഏഴ് ദശലക്ഷം ദിർഹത്തിൻ്റെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കി അതിവേഗത്തിൽ പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന ഗവണ്മെന്റ് ജീവനക്കാരെയും സ്ഥാപനങ്ങളെയും സംഘങ്ങളെയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുക.
ഗവൺമെന്റ് സേവനങ്ങൾ പൊതുജനങ്ങൾക്ക് പരമാവധി വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗവണ്മെന്റ് ജീവനക്കാരെ അഭിനന്ദിക്കാനാണ് പുരസ്കാരം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.