യുഎഇയിൽ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി വെറും 13 ദിവസങ്ങൾ മാത്രം. ഈ സാഹചര്യത്തിൽ നിയമലംഘകരായി രാജ്യത്ത് തുടരുന്ന വിദേശികൾ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടു പോകുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്, പോർട്ട്സ് ആന്റ് കസ്‌റ്റംസ് (ഐസിപി-യുഎഇ) അധികൃതർ വ്യക്തമാക്കി.
യുഎഇയിൽ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ നൽകിയ 2 മാസത്തെ പൊതുമാപ്പ് കാലാവധിയാണ് ഈ മാസം 31-ന് അവസാനിക്കാനിരിക്കുന്നത്. ഇതുവരെ പൊതുമാപ്പ് ഉപയോഗിക്കാതെ രാജ്യത്ത് നിയമലംഘകരായി താമസിക്കുന്നവർ കാലാവധി തീരും മുമ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നാണ് നിർദേശം.
നവംബർ ഒന്ന് മുതൽ നിയമലംഘകരെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകൾ നടത്തുമെന്നും പിടിക്കപ്പെടുന്നവർക്കെതിരെ വൻ തുക പിഴ ചുമത്തുകയും ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.