യുഎഇയിൽ പൊതുമാപ്പ് കാലാവധി തുടരുകയാണ്. ഈ സാഹചര്യത്തിൽ സേവനങ്ങൾ തേടിയെത്തുന്ന കുടുംബങ്ങൾക്ക് ആശ്വാസകരമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് ദുബായ് താമസ-കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.). അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലമാണ് തുറന്നിരിക്കുന്നത്.
കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ, ചിത്രരചനയ്ക്കും വായനയ്ക്കുമുള്ള സ്ഥലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കളിസ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കൊപ്പം സേവന കേന്ദ്രങ്ങളിൽ എത്തുന്ന രക്ഷിതാക്കൾക്ക് കുട്ടികളെ സുരക്ഷിതമായും സുഖകരമായും ഇരുത്താൻ സാധിക്കുന്ന വിധത്തിലാണ് സ്ഥലം തയ്യാറാക്കിയിരിക്കുന്നത്. മാതാപിതാക്കൾ പൊതുമാപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ കുട്ടികൾക്ക് ഇവിടെ സമയം ചെലവഴിക്കാനും സാധിക്കും.
യുഎഇയിലെ പൊതുമാപ്പ് കാലാവധി ഈ മാസം 31-ന് അവസാനിക്കും. ഒരിക്കൽ അവസാനിച്ച പൊതുമാപ്പ് കാലാവധി അധികൃതർ വീണ്ടും നീട്ടുകയായിരുന്നു. ഇനി പൊതുമാപ്പ് കാലാവധി നീട്ടില്ലെന്നും നിയമലംഘകർ എത്രയും വേഗം പദ്ധതി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു.