ദുബായ് ഇന്റെർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എമിറേറ്റ്‌സ്, ഫ്‌ലൈദുബായ് സർവ്വീസുകൾ സാധാരണ ഗതിയിലേക്ക് മടങ്ങുന്നു. ഏപ്രിൽ 20 മുതൽ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുനഃസ്ഥാപിച്ചതായി എമിറേറ്റ്സ് സിഇഒ ടിം ക്ലാർക്ക് പറഞ്ഞു. എയർപോർട്ട് ട്രാൻസിറ്റ് ഏരിയയിൽ മുമ്പ് കുടുങ്ങിപ്പോയ യാത്രക്കാർ വീണ്ടും ബുക്ക് ചെയ്യുകയും അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ രണ്ട്, മൂന്ന് ടെർമിനലുകളിൽ നിന്ന് ഫ്‌ളൈദുബായ് അതിൻ്റെ മുഴുവൻ ഫ്ലൈറ്റ് ഷെഡ്യൂളും പ്രവർത്തിപ്പിച്ചതായി ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. എല്ലാ യാത്രക്കാരോടും വിമാനത്തിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം നിർദ്ദേശിച്ചു,
ടെർമിനലിൽ വർദ്ധിച്ചുവരുന്ന തിരക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് വളരെ നേരത്തെ വരരുതെന്ന അഭ്യർത്ഥനയും ഡിഎക്സ്ബി അധികൃതർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ ആഴ്ചയിലുണ്ടായ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് 31 വിമാനങ്ങൾ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ മക്തൂം എയർപോർട്ടിലേക്ക് “ദുബായ് വേൾഡ് സെൻട്രൽ” ലേക്ക് മാറ്റിയിരുന്നു.