ഷാർജയിൽ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 38 ദശലക്ഷം പേരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്.
എമിറേറ്റിലെ ടാക്‌സി സർവീസുകളുടെയും ഫ്രാഞ്ചൈസി കമ്പനികളുടെയും ഗുണഭോക്താക്കളുടെ എണ്ണം 29 ദശലക്ഷം പിന്നിട്ടു. പൊതുഗതാഗത ബസ് സർവീസുകളുടെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം ഏകദേശം 5.3 ദശലക്ഷവും ആണെന്ന് എസ്ആർടിഎ ചെയർമാൻ യൂസഫ് ഖമീസ് അൽ ഒത്മാനി പറഞ്ഞു. പ്രതിദിനം ഏതാണ്ട് 14,500 പേർ പൊതുഗതാഗതം ഉപയോപ്പെടുത്തുന്നു.
12 ലൈനുകളിലായി 98 ബസുകളാണ് എമിറേറ്റിൽ സർവിസ് നടത്തുന്നത്. കഴിഞ്ഞ വർഷം ഇൻറർസിറ്റി ബസ് ഉപയോഗിച്ചവരുടെ എണ്ണം 36 ലക്ഷമാണ്. വിമാന യാത്രക്കാരുടെ എണ്ണവും കൂടി ചേരുമ്പോൾ മൊത്തം യാത്രക്കാരുടെ എണ്ണം 4 കോടിയിലധികമാകുമെന്നും ഖാമിസ് പറഞ്ഞു. എമിറേറ്റിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നതിന് യാത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ അതോറിറ്റി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്