പണ്ടേപോലെയല്ല, നാട്ടിലായായും വിദേശത്തായാലും ചക്കയ്ക് ഇപ്പോ രാജകീയ സ്ഥാനമാണ്. നല്ല ചക്ക കിട്ടാനില്ലെന്ന് മാത്രമല്ല, കേട്ടാൽ ഞെട്ടുന്ന വിലയുമാണ്. ചക്കയുടെ പ്രധാന വിപണന കേന്ദ്രമായ ഗൾഫ് മേഖലയിലും വില ഉയരുന്നതായി വ്യാപാരികൾ പറയുന്നു.
അരക്കിലോ ചക്കയ്ക്ക് ഷാർജയിൽ 40 ദിർഹം അഥവാ 900 രൂപയോളം എത്തിയെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. കേരളത്തിൽനിന്നുള്ള ചക്കയുടെ കയറ്റുമതി കുറഞ്ഞതോടെയാണ് വിലയിൽ മാറ്റമുണ്ടായത്. ലുലു , നെസ്റ്റോ തുടങ്ങി വൻകിട ഹൈപ്പർമാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള പഴവിപണിയിലാണ് ചക്കതേടി ആവശ്യക്കാർ കൂടുതലെത്തുന്നത്.
കേരളത്തിലെ ചക്ക കിട്ടാതായതോട വിയറ്റ്നാം ചക്കയ്ക്ക് ഡിമാൻ്റേറിയിട്ടുണ്ട്. രുചിയുടെ കാര്യത്തിൽ മുന്നിലുള്ള വിയറ്റ്നാം ചക്ക മലയാളികൾക്കും ഏറെ പ്രിയമാണെന്ന് കച്ചവടക്കാർ പറയുന്നു. കനത്തമഴകാരണം കേരളത്തിലെ ചക്കയുടെ ഉത്പാദനം കുറഞ്ഞതാണ് കയറ്റുമതിയെ സാരമായി ബാധിച്ചത്.
കടൽ കടന്നാൽ കേരളത്തിലെ ചക്കയ്ക് പൊന്നും വിലയാണ് ഈടാക്കുന്നത്. ചുള എണ്ണിയാണ് കാശ് ഈടാക്കുക. പത്ത് കിലോയുളള ഒരു മുഴുചക്കയ്ക്ക് ശരാശരി 350 ദിർഹവരെ (7500 രൂപ) വിലവരും.