2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ വരുമ്പോൾ പാർക്കിങ്ങ് , സാലിക് നിരക്കുകളിൽ വെത്യാസമുണ്ടാകും.
1. അല്‍ മക്തൂം പാലത്തിൻ്റെ
അറ്റകുറ്റപ്പണികള്‍ അവസാനിക്കും
അല്‍മക്തൂം പാലത്തിലെ അറ്റകുറ്റപ്പണികള്‍ 2025 ജനുവരി പകുതിയോടെ പൂർത്തിയാകുന്നതോടെ ദുബായിലെ റോഡ് ഗതാഗതം കൂടുതല്‍ സുഗമമാകും. ദുബായിലെ ബസ് റൂട്ടുകളിലും സമയക്രമത്തിലും ഇതോടെ മാറ്റമുണ്ടാകും. അഞ്ച് പാലങ്ങളുടെ നിര്‍മാണവും ഏഴ് മേഖലകളിലെ പാതകളുടെ വിപുലീകരണവും അനബന്ധമായി പൂർത്തീകരിക്കും.
2. പുതുക്കിയ യുഎഇ ട്രാഫിക് നിയമം
നിലവിലുള്ള ട്രാഫിക് നിയമത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്ന പുതിയ ഫെഡറല്‍ ഡിക്രി – നിയമം 2025 മാര്‍ച്ച് 29 മുതല്‍ യുഎഇയിൽ പ്രാബല്യത്തില്‍ വരും. ഡ്രൈവിങ് പ്രായം 17 ആയി കുറയ്ക്കുന്നതാണ് പ്രധാന മാറ്റം. വാഹനമോടിക്കുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമുള്ള പുതുക്കിയ നിയന്ത്രണങ്ങളും ഇതോടൊപ്പം നിലവിലെത്തും.
3. എയര്‍ ടാക്‌സികള്‍
പുതിയ വർഷത്തിൽ എയര്‍ ടാക്സികള്‍ കാത്തിരിക്കുകാണ് അബുദാബിയിലേയും ദുബായിലേയും താമസക്കാർ. ഈ വര്‍ഷം വിവിധ എമിറേറ്റുകള്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് – ഓഫ്, ലാന്‍ഡിങ് (ഇവിടിഒഎല്‍) വിമാനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും പരീക്ഷണപ്പറക്കലുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ദുബായ് ഇൻ്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദുബായ് മറീന, പാം ജുമൈറ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ക്ക് സമീപം നാല് വെര്‍ട്ടിപോര്‍ട്ട് സ്റ്റേഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
4. അബുദാബിയില്‍ സ്മാര്‍ട്ട് യാത്രാ സംവിധാനം
അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ സിസ്റ്റം 2025ല്‍ എല്ലാ സുരക്ഷാ പ്രവര്‍ത്തന ടച്ച് പോയിന്‍റുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ എല്ലാ എയര്‍ലൈനുകളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും ബോര്‍ഡിങ് പാസോ പാസ്പോര്‍ട്ടോ ഇല്ലാതെ വെരിഫിക്കേൻ പൂർത്തിയാക്കാനാകും.
5. പ്ലാസ്റ്റിക് നിരോധനം വിപുലീകരിക്കും
ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളുടേയും ഉൽപ്പന്നങ്ങളുടേയും ഉപയോഗം ദുബായിൽ പൂർണമായി നിരോധിക്കും. ഈ വര്‍ഷം ജൂണ്‍ മുതല്‍ ആരംഭിച്ച നിയന്ത്രണമാണ് പൂർണ ലക്ഷ്യത്തിലേക്ക് എത്തുന്നത്.
6. ഡിജിറ്റല്‍ നോള്‍ കാര്‍ഡുകള്‍
ദുബായിലെ മെട്രോകളുടെയും ബസുകളുടെയും ഡിജിറ്റല്‍ നോല്‍ കാര്‍ഡ് സംരംഭം 2025ല്‍ ആരംഭിക്കും. മൊബൈൽ ഫോണുകള്‍ വഴിയാണ് ഡിജിറ്റൽ നോല്‍ കാർഡിൻ്റെ പ്രവർത്തനം.
7. നല്ല ഭക്ഷണം തെരഞ്ഞെടുക്കാം
ഭക്ഷണത്തിൻ്റെ ക്വാളിറ്റിയും പോഷകമൂല്യവും ഗ്രേഡ് ചെയ്യുന്ന ലേബൽ സംവിധാനം അടുത്തവർഷം പകുതിയോടെ അബുദാബിയിൽ നടപ്പിൽ വരും. ഘട്ടംഘട്ടമായി യുഎഇയിൽ ഉടനീളം പദ്ധതി വ്യാപിപ്പിക്കും.
8. ബസ് സ്റ്റോപ്പുകളില്‍ സൗജന്യ വൈഫൈ
ദുബായ് ആർടിഎ നടപ്പാക്കുന്ന സൌജന്യ പബ്ലിക് വൈഫൈ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലിവൽ എമിറേറ്റിലെ നാല് പ്രധാന ബസ് സ്റ്റേഷനുകളില്‍ സൗജന്യ പബ്ലിക് വൈ ഫൈ ലഭ്യമാണ്.
9. പുതിയ സാലിക്ക് ചാര്‍ജുകള്‍
2025 ഫെബ്രുവരി മുതല്‍, ‘വേരിയബിള്‍ റോഡ് ടോള്‍ പ്രൈസിങ് സിസ്റ്റം’ ദുബായിലും പ്രാബല്യത്തില്‍ വരും. തിരക്കേറിയ സമയങ്ങളിൽ ടോൾ ഗേറ്റുകളിൽ കൂടൂതൽ പണം നൽകേണ്ടിവരും. ഒരു മണിക്കൂറിനുളളിൽ ഒന്നിലധികം തവണ ടോൾ ഗേറ്റുകൾ കടന്നാൽ അധികപണം ഈടാക്കുകയില്ല.
10. ദുബായിലെ പാര്‍ക്കിങ് നിരക്കുകള്‍
സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം, ഗ്രാന്‍ഡ് ഇവൻ്റ് എന്നിങ്ങനെ തരംതിരിച്ച് പാര്‍ക്കിങ് ഫീസുകൾ ഈടാക്കിത്തുടങ്ങും. തിരക്കേറിയ സമയത്തെ (രാവിലെ 8 – 10 വരെയും വൈകുന്നേരം 4 – രാത്രി 8 വരെയും) പ്രീമിയം പാര്‍ക്കിങ്ങിന് മണിക്കൂറിന് 6 ദിര്‍ഹവും സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങിന് മണിക്കൂറിന് 4 ദിര്‍ഹമും തിരക്കില്ലാത്ത സമയം (രാവിലെ 10 – വൈകിട്ട് 4, രാത്രി 8 – 10 മണി) സൗജന്യവുമായിരിക്കും. 2025 മാര്‍ച്ച് അവസാനം മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.