യുഎഇ യുടെ ആകാശത്ത് കൂറ്റൻ പട്ടങ്ങൾ പറന്നുയർന്നു. വിവിധ രൂപത്തിലും വലുപ്പത്തിലും പട്ടങ്ങൾ പാറി നടന്നു, ഉയരങ്ങളിലേക്ക്. തിമിംഗലങ്ങളുടെയും കുറുക്കന്റെയും പക്ഷികളുടെയും വിവിധ നിറങ്ങളിലുള്ള മല്സ്യങ്ങളുടെയുമൊക്കെ രൂപത്തിലുള്ള പട്ടങ്ങളാണ് മര്‍സാന ബീച്ചിന്റെ ആകാശത്ത് പാറിക്കളിച്ചത്. ഒട്ടേറെ പേർ മല്‍സരം കാണാനെത്തി. മൂന്ന് ദിവസം ആരവങ്ങൾ തീർത്ത വർണ്ണോത്സവമായ ഹുദൈരിയാത്ത് അന്താരാഷ്ട്ര പട്ടം മേള സമാപിച്ചു. ഫെസ്റ്റിവലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്.
ആസ്വാദര്‍ക്കായി പട്ടം നിര്‍മിക്കുന്നതിന്റെയും അലങ്കരിക്കുന്നതിന്റെയുമൊക്കെ ശില്പശാലകളും ഫെസ്റ്റിവലിൽ സംഘാടകര്‍ സംഘടിപ്പിച്ചിരുന്നു. ഇത് കൂടാതെ 3000 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന ഹുദൈരിയാത്ത് ദ്വീപില്‍ സൈക്ലിങ്, ജോഗിങ് ട്രാക്കുകളുമടക്കം നിരവധി വിനോദസൗകര്യങ്ങളും മറ്റും സജ്ജമാക്കിയിട്ടുണ്ട്. അബൂദാബിയുമായി ഹുദൈരിയാത്ത് ദ്വീപിനെ ബന്ധിപ്പിക്കുന്ന തൂക്കുപാലവും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ്.