ദുബായിലെ പ്രമുഖ എയർലൈനായ ഫ്ലൈ ദുബായ് യാത്ര ആരംഭിച്ചിട്ട് പതിനഞ്ച് വർഷം. 2009 ജൂൺ 1-ന് ബെയ്‌റൂട്ടിലേക്കാണ് പറന്നുകൊണ്ട് വ്യോമയാന രംഗത്ത് തുടക്കം കുറിച്ച ഫ്ലൈ ദുബായ് വിജയകരമായി ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്.
വിപുലമായ ആഘോഷങ്ങളോടെയാണ് ഫ്ലൈ ദുബായ് പതിനഞ്ചാം വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചത്. ദുബായിൽ നിന്നുള്ള അഭിലാഷങ്ങളിലും വിജയങ്ങളിലും പ്രചോദനം ഉൾക്കൊണ്ടാണ് ഫ്ലൈ ദുബായ് പ്രവർത്തനം ആരംഭിച്ചതെന്നും ദുബായുടെ വളർച്ചയ്‌ക്കൊപ്പം കമ്പനിയുടെ വളർച്ചയും സന്തോഷം തരുന്നതാണെന്ന് ഫ്ളൈ ദുബായ് മേധാവികൾ പറഞ്ഞു.
ടൂറിസം സേവനം, വ്യോമയാന രംഗത്തെ വിപണി സമീപനം. മികച്ച കാഴ്ചപ്പാടുകൾ, വെല്ലുവിളികളെ നേരിടുകയും പൊരുത്തപ്പെടുകയും ചെയ്യാനുള്ള ശേഷി എന്നിവയെല്ലാമാണ് ഫ്ലൈ ദുബായെ വ്യത്യാസപ്പെടുത്തുന്നത്. വരും വർഷങ്ങളിൽ കാരിയറിൻ്റെ വിജയവും വളർച്ചയും തുടരുകയാണ് ലക്ഷ്യമെന്നും കമ്പനി മേധാവികൾ സൂചിപ്പിച്ചു.
ദുബായുടെ വ്യോമയാന മേഖലയിൽ പ്രധാന പങ്ക് വഹിക്കുന്ന എയർലൈനാണ് ഫ്ലൈ ദുബായ്. നിലവിൽ 125 സ്ഥലങ്ങളിലേക്കാണ് സർവ്വീസ് നടത്തുന്നത്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻ്റും. ദുബായ് എയർപോർട്ട്സ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ഫ്ലൈ ദുബായുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.