യുഎഇയിൽ മരുന്നുകളുടെയും മെഡിക്കൽ ഉല്പന്നങ്ങളുടെയും മേൽനോട്ടത്തിനായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് എന്ന സംവിധാനം ആരംഭിച്ചു. വിദേശ വാണിജ്യകാര്യ സഹമന്ത്രി ഡോ. സാനി അൽ സയൂദി ചെയർമാനായാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് രൂപീകരിച്ചത്.
മരുന്നുകളുടെ നിർമ്മാണം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളുടെയും നിയന്ത്രണവും മരുന്നുകളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും അവയുടെ വിതരണ അനുമതി നൽകാനുള്ള അധികാരവും ഈ സ്ഥാപനത്തിനാണ്. കൂടാതെ മരുന്ന് ഉല്പാദകർ, ഫാർമസികൾ, ഡ്രഗ് വെയർഹൗസുകൾ, മെഡിക്കൽ സ്റ്റോറുകൾ, മാർക്കറ്റിങ് ഓഫീസുകൾ, ബ്ലഡ് ബാങ്കുകൾ, കോർഡ് ബ്ലഡ്, സ്റ്റെം സെൽ സ്റ്റോറേജുകൾ എന്നിവക്ക് ലൈസൻസ് നൽകുന്നതിനുള്ള ചുമതലയും ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിനാണ്.
മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ ഉല്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യപരിരക്ഷാ ഉല്പന്നങ്ങൾ, മൃഗങ്ങൾക്കുള്ള മരുന്നുകൾ, ഫുഡ് സപ്ലിമെന്റുകൾ, കോസ്മെറ്റിക്സ്, ബയോളജിക് ഡ്രഗ് തുടങ്ങിയവയുടെയും നിയന്ത്രണം എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിനാണ്. കൂടാതെ ഈ രംഗത്തെ ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ ഗവേഷണങ്ങൾക്ക് ദേശീയ തലത്തിൽ സംവിധാനമൊരുക്കുന്നതിനുള്ള ചുമതലയും ഈ സ്ഥാപനത്തിനാണ്.