ശീതകാലത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. ഡിസംബർ 22-നാണ് യുഎഇയിൽ ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ജനുവരി 16 മുതൽ 18 വരെയുള്ള മൂന്ന് ദിവസമാണ് രാജ്യത്ത് ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യം ശൈത്യകാലത്തിലേക്ക് മാറുന്നതിനാൽ വരും ആഴ്ചകളിൽ യുഎഇയിലെ താപനില കുറയും. 12 ഡിഗ്രി സെൽഷ്യസിൽ താഴെവരെ താപനില കുറയുമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, പരമാവധി താപനില 25 മുതൽ 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
നാളെ മുതൽ കൂടുതൽ മഴയ്ക്കും ശക്തമായ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുള്ളതായാണ് വിലയിരുത്തൽ. അൽ ഐൻ പോലുള്ള കിഴക്കൻ പ്രദേശങ്ങളിലും റാസൽ ഖൈമ പോലുള്ള വടക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. മാത്രമല്ല, പടിഞ്ഞാറൻ പ്രദേശങ്ങളിൽ തണുത്ത കാറ്റ് വീശാനും സാധ്യതയുണ്ട്.