യുഎഇയിൽ ചൂട് കൂടുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 49.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അധികൃതർ യുഎഇയിൽ ഒരാഴ്ചയിലധികം 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉണ്ടാകാനുള്ള സാധ്യതയാണ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 38 മുതൽ 43 ഡിഗ്രി സെൽഷ്യസും പർവ്വതപ്രദേശങ്ങളിൽ 30 മുതൽ 35 ഡിഗ്രി സെൽഷ്യസും വരെ ഉയരും. പകൽ സമയത്ത് ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കി.മീ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. യുഎഇയിൽ ജൂൺ 21-ന് വേനൽക്കാലമെത്തുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈവർഷം വേനൽ എത്തിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിലെ വായുവിന്റെ താപനില രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏകദേശം 2 ° C മുതൽ 3 ° C വരെ വർദ്ധിക്കും.
ഇന്നലെ അൽ ഐനിലെ സ്വീഹാനിലാണ് ഉയർന്ന താപനിലയായ 49.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. അറേബ്യൻ പെനിൻസുലയിലെ ഏറ്റവും ചൂടേറിയ സമയം ജൂലൈ തുടക്കത്തോടെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കും. ഈ സമയത്ത് കഠിനമായ ചൂട്, കടുത്ത വരൾച്ച, ചൂട് കാറ്റ് എന്നിവ അതിശക്തമാകുമെന്നാണ് വിലയിരുത്തൽ.