ദൈനംദിന ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത് ഓഹരി വിപണിയിലേയ്ക്ക്. തലാബത്തിന്റെ മാതൃ കമ്പനിയായ ഡെലിവറി ഹീറോ മേന ഹോൾഡിംഗാണ് 3.493 ബില്യൺ (3,493,236,093) ഓഹരികൾ പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) വിൽക്കുമെന്ന് അറിയിച്ചത്. ഒരു ഷെയറിന് 0.04 ദിർഹമാണ് വില.
കമ്പനി 15 ശതമാനം ഓഹരികളാണ് ഓഫ്‌ലോഡ് ചെയ്യുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് രണ്ട് ഘട്ട ഐപിഒയുടെ വലുപ്പം ഭേദഗതി ചെയ്‌തേക്കാമെന്നാണ് റിപ്പോർട്ട്. ഐപിഒയ്‌ക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ നവംബർ 19-ന് ആരംഭിക്കും. ആദ്യ ഘട്ടത്തിനായി നവംബർ 27 വരെയും രണ്ടാം ഘട്ടത്തിനായി നവംബർ 28 വരെയും തുടരും. ഓഫർ വില പരിധി നവംബർ 19-നോ ഓഫർ കാലയളവ് ആരംഭിക്കുന്നതിന് മുമ്പോ പ്രഖ്യാപിക്കും.
അവസാന ഓഫർ വില നവംബർ 29ന് പ്രഖ്യാപിക്കുകയും ഡിസംബർ 10ന് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ഓഹരികൾ ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഓഫർ പൂർത്തിയാകുമ്പോൾ കമ്പനിയുടെ പെയ്ഡ്-അപ്പ് മൂലധനം 931.52 ദശലക്ഷം ദിർഹം (931,529,625) ആയിരിക്കും.