ലോകകപ്പ് ഫുട്ബോൾ കാലത്ത് അർജൻ്റീനക്കും മെസ്സികും വേണ്ടി ആരാധകർക്കിടയിൽ ഏറ്റുമുട്ടി നവമാധ്യമങ്ങളിലൂടെ താരമായ മലപ്പുറം സ്വദേശി സുബൈർ വാഴക്കാടിന് സ്വപ്നസാഫല്യം. ദുബായിലെ സ്മാർട്ട് ട്രാവൽ ഉടമ അഫി അഹമ്മദ് വാഗ്ദാനം ചെയത് വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ സുബൈറിന് കൈമാറി.
ഫുട്ബോൾ കളിയോടുള്ള സുബൈറിൻ്റെ ആരാധനയ്ക്ക് ആദരസൂചകമായി അർജൻ്റീനയുടെ ജഴ്സിയിലെ നീലയും വെള്ളയും നിറങ്ങളിൽ ഒരു ഫുട്ബോൾ വീടാണ് കൈമാറിയത്. രണ്ട് കിടപ്പ് മുറികളും മറ്റ് സൌകര്യങ്ങളുമുളള വീടാണിത്.ഒപ്പം ഒരു മൈതാനത്തിന് സമാനമായി ടെറസ്സും ഒരു വലിയ ഫുട്ബോളും അതിനു മുകളിൽ സുബൈറിന്റെ ഇഷ്ട താരമായ ലയണൽ മെസ്സിയുടെ 10 ആം നമ്പർ ജേഴ്സിയും ഒരുക്കിയത് സുബൈറിൻ്റെ ഫുട്ബോൾ വീടിനെ വേറിട്ടതാക്കുന്നതാണ്.
ഫുട്ബോളിനോടും താരങ്ങളോടുമുളള ആരാധനയ്കക്കും കളിയാവേശത്തിനും അപ്പുറം കർഷകനായ സുബൈറിന് 1904 മുതലുള്ള എല്ലാ ഫിഫ ലോകകപ്പ് മത്സരങ്ങളുടെയും സ്ഥിതിവിവര കണക്കുകൾ കാണപ്പാഠമാണ്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ വിശകലനത്തിലൂടെയും സുബൈർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
സുബൈറിന് ഖത്തർ ലോകകപ്പ് നേരിട്ടുകാണാൻ അഫി അഹമ്മദ് വഴിയൊരുക്കിയെങ്കിലും കൃഷിയും മറ്റ് പ്രാരാബ്ദങ്ങളും കാരണം തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.പിന്നീടാണ് സുബൈറിന് വീടെന്ന ഭാഗ്യവാഗ്ദാനം ലഭിക്കുന്നത്. മഴപെയ്യുമ്പോൾ ചോർന്നൊലിക്കുന്ന ചെറിയ വീടിയിരുന്നു സുബൈൻ്റേത്. അസുഖ ബാധിതയായ അമ്മയും സുബൈറിനൊപ്പമായിരുന്നു താമസം.
സുബൈറിൻ്റെ സ്ഥിതി മനസ്സിലാക്കിയ സ്മാർട്ട് ട്രാവൽ ഉടമ അഫി അഹമ്മദ് തന്നെയാണ് വീടെന്ന ആശയം രൂപപ്പെടുത്തിയത്.പിന്നീട് സുബൈറിൻ്റെ അഭിനിവേശത്തിന് അനുയോജ്യമായി ഫുട്ബോൾ ആകൃതിയിൽ വീട് പുനർനിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് താക്കോൽ കൈമാറി അഫി അഹമ്മദ് വ്യക്തമാക്കി. 70 ദിവസം കൊണ്ടാണ് വീടിൻ്റെ നിർമ്മാണം പൂർത്തിയായത്.