രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി ‘സായിദും റാഷിദും’ ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്സാണ് എമിറേറ്റിൽ എത്തുന്ന യാത്രക്കാരെ പ്രത്യേക സ്റ്റാമ്പ് പതിച്ച് സ്വാഗതം ചെയ്യുന്നത്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ ഒരുമിച്ചുള്ള ചിത്രം ആലേഖനം ചെയ്തതാണ് സ്റ്റാമ്പ്.
ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശപ്രകാരം ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസിൻ്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് ആരംഭിച്ച സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌നിൻ്റെ ഭാഗമാണ് ഈ സംരംഭം. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കാമ്പെയ്ൻ പുരോഗമിക്കുന്നത്.
ഐക്യത്തിൻ്റെയും ദേശസ്‌നേഹത്തിൻ്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് കാമ്പെയ്ൻ. യുഎഇയുടെ സ്ഥാപക പിതാക്കന്മാരുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തോടുള്ള അഗാധമായ നന്ദിയും രാജ്യത്തിൻ്റെ പുരോഗതിക്ക് അവർ നൽകിയ അളവറ്റ സംഭാവനകളെ ആദരിക്കുന്നതുമാണ് സ്മാരക സ്റ്റാമ്പ്. നവംബർ 3 ന് യുഎഇ പതാക ദിനത്തോടെ ആരംഭിച്ച ക്യാമ്പൈൻ ഡിസംബർ 2 ന് യുഎഇ ദേശിയ ദിനമായ ഈദ് അൽ ഇത്തിഹാദോടെ സമാപിക്കും.