അങ്ങനെ ദുബായ് കാത്തിരുന്ന ആ ദിനം എത്തി. ദുബായ് റണ്ണിനായി ജനം ഇത്തവണ ഒഴുകിയെത്തിയ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ദുബായ് റണ്ണിൽ പങ്കെടുക്കാൻ പ്രായഭേദമെന്യേ വളരെ ആവേശത്തോടെയാണ് ഞായറാഴ്ച രാവിലെ എല്ലാവരും എത്തിയത്. ഓറഞ്ച് നിറത്തിലുള്ള ജനസമുദ്രമായി മാറുകയായിരുന്നു ഏതാനും മണിക്കൂറുകളിൽ ഷെയ്ഖ് സായിദ് റോഡ്.
200,000-ത്തിലധികം ആളുകൾ പങ്കെടുത്തുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. ദുബായിൽ കഴിഞ്ഞ ഒരുമാസമായി നടക്കുന്ന ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിച്ചാണ് ദുബായ് റൺ നടന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സംഘവുമാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രീ ഫൺ റണ്ണെന്ന് വിശ്വസിക്കപ്പെടുന്ന ദുബായ് റൺ സംഘത്തെ നയിച്ചത്. 6.30ന് ആരംഭിച്ച ഓട്ടത്തിന് 3.30ന് തന്നെ ആളുകൾ എത്തിയിരുന്നുവെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു.
ടീം ഏഞ്ചൽ വുൾഫിന്റെ സ്ഥാപകനായ നിക്ക് വാട്സൺ, മത്സരത്തിന്റെ മാർഷലുകളിൽ ഒരാളായിരുന്നു. ഇതുവരെ നടന്ന എല്ലാ ദുബായ് റണ്ണിലും ഞങ്ങൾ പങ്കെടുത്തിട്ടുണ്ടെന്ന് നിക്ക് വാട്സൺ പറഞ്ഞു. 2014-ൽ അവരുടെ മകൻ റിയോയെ പിന്തുണയ്ക്കാനായാണ് നിക്കും ഭാര്യ ഡെൽഫിനും ചേർന്നാണ് ടീം ഏഞ്ചൽ വൂൾഫ് സ്ഥാപിച്ചത്. അന്നുമുതൽ എല്ലാ ദുബായ് റണ്ണിലും മുൻപന്തിയിലാണ് ടീം ഏഞ്ചൽ.