‘ദുബായ് വാക്ക്’ എന്ന പേരിൽ 3,300 കിലോമീറ്റർ നീളമുള്ള സംയോജിത നടപ്പാത നിർമ്മിക്കാനുളള വിപുലമായ പദ്ധതി പ്രഖ്യാപിച്ച് ദുബായ്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. സൈക്കിൾ സൗഹൃദ നഗരമായി മാറാനുള്ള ദുബായിയുടെ പദ്ധതിക്ക് ശേഷമാണ് ‘ദുബായ് വാക്ക്’പ്രഖ്യാപനം.
മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, അൽ റാസ് എന്നീ രണ്ട് മേഖലകളിൽ ആരംഭിക്കുന്ന ബൃഹത്തായ പദ്ധതി വർഷം മുഴുവനും നഗരത്തെ കാൽനട സൗഹൃദമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ഇടനാഴികളിലും കെട്ടിടങ്ങൾക്കിടയിലുള്ള പ്രദേശങ്ങളിലും നൂതനമായ തണുപ്പിക്കൽ പരിഹാരങ്ങൾ പാതയിലുണ്ടാകും.
പാതകളിൽ 110 കാൽനട പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാണം, 112 കിലോമീറ്റർ വാട്ടർഫ്രണ്ട് പാതകൾ, 124 കിലോമീറ്റർ ഗ്രീൻ വാക്കിംഗ് ട്രയലുകൾ, 150 കിലോമീറ്റർ ഗ്രാമീണ, പർവത കാൽനട പാതകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. മൂന്ന് ഘട്ടമായി വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ട് ഐക്കണിക് ലൊക്കേഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ട്.
കാലാവസ്ഥാ നിയന്ത്രിത നടപ്പാത, തുറസ്സായ സ്ഥലങ്ങൾ, വാണിജ്യ മേഖലകൾ എന്നിവയും പദ്ധയിൽ ഉൾപ്പെടുന്നു.ഗ്രീൻ സ്പേസുകളും വാട്ടർഫ്രണ്ട് പ്രദേശങ്ങളും ചരിത്രപരമായ അടയാളപ്പെടുത്തലുകളും പൊതു പ്രദർശനങ്ങളും കാൽനടക്കാരെ ആകർഷിക്കും. ദുബായ് വേൾഡ് ട്രേഡ് സെൻ്റർ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, എമിറേറ്റ്‌സ് ടവേഴ്‌സ്, ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ, മെട്രോ സ്‌റ്റേഷനുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ ഈ പാത ബന്ധിപ്പിക്കും.
ആദ്യഘട്ടത്തിൽ അൽ ബർഷ 2, അൽ ഖവാനീജ് 2, അൽ മിസ്ഹാർ 1 തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് 160 അടുത്ത ഭാഗത്തേക്ക് പദ്ധതി വ്യാപിപ്പിക്കുകയും ചെയ്യും. നഗരപ്രദേശങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയും പാതയിൽ ഉൾപ്പെടും.
അൽ നഹ്ദയെയും അൽ മംസാറിനെയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് സ്ട്രീറ്റിൽ പാലം. അൽ വർഖയെയും മിർദിഫിനെയും ബന്ധിപ്പിക്കുന്ന ട്രിപ്പോളി സ്ട്രീറ്റിലെ പാലം,ദുബായ് സിലിക്കൺ ഒയാസിസിനെയും ദുബായ് ലാൻഡിനെയും ബന്ധിപ്പിക്കുന്ന ദുബായ്-അൽ ഐൻ റോഡിൽ പാലം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
എമിറേറ്റിലൂടെ 6,500 കിലോമീറ്ററിലധികം പരസ്‌പരബന്ധിതമായ പാതകൾ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.അതിൽ 3,300 കിലോമീറ്ററാണ് ‘ദുബായ് വാക്ക്’ ലക്ഷ്യമിടുന്നത്. അതേസമയം 2,300 കിലോമീറ്റർ പാതകൾ 2040-ഓടെ പുനഃസ്ഥാപിക്കും. 2040-ന് ശേഷം 900 കിലോമീറ്റർ നീളത്തിൽ അധിക പാതകൾ നിർമിക്കും. താമസക്കാരെയും സന്ദർശകരെയും ഒരുപോലെ നടക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ സ്മാർട്ട് ആപ്ലിക്കേഷനും ലോഞ്ച് ചെയ്യും.
ദുബായുടെ 20 മിനിറ്റ് സിറ്റി പ്ലാനിന് അനുസൃതമായാണ് ഈ പദ്ധതി, 2040 ഓടെ, താമസക്കാർക്ക് 20 മിനിറ്റിനുള്ളിൽ കാൽനടയായോ സൈക്കിളിലോ ദൈനംദിന ആവശ്യങ്ങളും ലക്ഷ്യസ്ഥാനങ്ങളും എത്തിച്ചേരാനാകും.