യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ചാൾസ് മൂന്നാമൻ രാജാവിൻ്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കും.
രാഷ്ട്രത്തലവന്മാർ, സർക്കാർ തലവൻമാർ, വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുക്കുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിൽ നാളെ നടക്കുന്ന ഔദ്യോഗിക സ്വീകരണത്തിൽ ശൈഖ് മൻസൂർ ബിൻ സായിദും പങ്കെടുക്കും. ശൈഖ് മൻസൂർ ബിൻ സായിദ് ഇതിനകം ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെത്തിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന യുഎഇ പ്രതിനിധി സംഘവും ഒപ്പമുണ്ട്.
അതേ സമയം ഒമാൻ്റേയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റേയും പ്രതിനിധിയായി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് ആണ് പങ്കെടുക്കുന്നത്. 1953ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു കിരീടധാരണത്തിന് ബ്രിട്ടന് സാക്ഷിയാകുന്നത്. ഇതോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും. കിരീടധാരണത്തോടെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായും ചാൾസ് രാജാവ് മാറുകയും ചെയ്യും. ശനിയാഴ്ചയാണ് കിരീടധാരണ ചടങ്ങ്.