ലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് വികസന പദ്ധതികളിലൊന്നാണ് ദുബായ് റീഫ്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് റീഫിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച്, ദുബായ് കിരീടാവകാശി അമേരിക്കൻ നിക്ഷേപകനായ റേ ഡാലിയോയ്ക്കൊപ്പം ഡൈവിംഗ് നടത്തി. ഈ മനോഹരമായ ഡൈവിംഗിന്റെ 96 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ തൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പങ്കുവെച്ചു.
നീല വെള്ളത്തിന്റെ ആഴത്തിൽ മനോഹരമായ പാറകളും സമുദ്രജീവികളെയും വീഡിയോയിൽ കാണാൻ സാധിക്കും. 600 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ദുബായ് റീഫ്, അതായത് 85,000 ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യം. മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും, സുസ്ഥിര മത്സ്യബന്ധനത്തെ പിന്തുണയ്ക്കുന്നതിനും, ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള ദുബായ് നഗരത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും സമുദ്ര ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിലും ദുബായ് റീഫ് പദ്ധതി നിർണായക പങ്ക് വഹിക്കും. പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ, തീരസംരക്ഷണം, ദുബായുടെ കടപ്പുറത്തെ സമുദ്ര ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനം എന്നിവയിൽ ഈ പദ്ധതി നിർണായക പങ്ക് വഹിക്കുന്നു.