തന്റെ വളർത്തു നായ്ക്കുട്ടിക്ക് നല്ലൊരു പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം പെൺ നായക്കുട്ടിക്ക് പേര് ആവശ്യപ്പെട്ടത്.
വെള്ളയും ചാരനിറവും ഉള്ള നായ്ക്കുട്ടിയുടെ ഫോട്ടോ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കിട്ടാണ് ഷെയ്ഖ് ഹംദാൻ പേര് നിർദേശിക്കാൻ തന്റെ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടത്. ഇതോടെ ആളുകൾ നിരവധി പേരുകൾ കുറിക്കാനും തുടങ്ങി. ഇത് ആദ്യമായല്ല മൃഗസ്നേഹിയായ ഷെയ്ഖ് ഹംദാൻ തൻ്റെ വളർത്തുമൃഗങ്ങൾക്ക് പേര് നിർദേശിക്കാൻ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം അദ്ദേഹം മൂന്ന് നായ്ക്കളെ കാണിക്കുകയും ഇത്തരത്തിൽ പേര് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ജനങ്ങൾ നിർദേശിച്ചതിൽ നിന്നും ആൺ നായയ്ക്ക് ലെയ്ൽ എന്നും രണ്ട് പെൺ നായ്ക്കൾക്ക് മിസൂൺ, നഹർ എന്നീ പേരുകൾ അദ്ദേഹം തിരഞ്ഞെടുത്തു. തുടർന്ന് മറ്റൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പേരുകൾ പങ്കുവെക്കുകയും എല്ലാവർക്കും നന്ദി എന്ന് കുറിക്കുകയും ചെയ്തിരുന്നു.