ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് തുക അനുവദിച്ചത്.
വൈവിധ്യമാർന്ന പുസ്‌തകങ്ങളിലൂടെ വായനക്കാരുടെ അറിവും വായനാനുഭവങ്ങളും വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിലെ അറബ്, അന്താരാഷ്ട്ര പ്രസാധകരിൽ നിന്നായിരിക്കും പുസ്‌തകങ്ങൾ വാങ്ങുക. എല്ലാ വർഷവും ഇത്തരത്തിൽ ലൈബ്രറികൾക്ക് തുക അനുവദിക്കാറുണ്ട്.
ഷാർജയിലെത്തുന്ന പ്രസാധകരെ വാണിജ്യപരമായും കുട്ടികളെ വിദ്യാഭ്യാസപരമായും പിന്തുണയ്ക്കുന്നതാണ് തീരുമാനം. സാംസ്‌കാരിക നവോത്ഥാനത്തിന് ലൈബ്രറികൾ ഗണ്യമായ സംഭാവനകളാണ് നൽകുന്നതെന്നും സമൂഹത്തെ ശരിയായ പാതയിൽ നയിക്കുന്നതിന് ലൈബ്രറികൾക്ക് പ്രധാന പങ്കുണ്ടെന്നും ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) ചെയർപേഴ്സൺ ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.