വൈവിധ്യമാർന്ന സംരംഭങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ജീവിതത്തിനും വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനുമുള്ള ഒരു “പ്രധാന ലക്ഷ്യസ്ഥാനം” എന്ന നിലയിൽ ഷാർജ പുതിയ ഐഡൻ്റിറ്റി പുറത്തിറക്കി. വൃത്താകാരമായ ഓറഞ്ച് നിറത്തിനുള്ളിൽ വെളുത്ത അക്ഷരത്തിൽ അറബിയിലും ഇംഗ്ലീഷിലും ഷാർജ എന്ന് രേഖപ്പെടുത്തിയതാണ് പുതിയ ഐഡൻ്റിറ്റി. നൂർ ദ്വീപിലായിരുന്നു പരിപാടി.
വിനോദസഞ്ചാരം, താമസം, ജോലി, പഠനം, നിക്ഷേപം എന്നീ മേഖലകളിലെ ആകർഷണീയതയും ഷാർജയുടെ ശക്തിയും വ്യതിരിക്ത സവിശേഷതകളും തിരിച്ചറിയുന്നതിന് അനുസരിച്ചാണ് പുതിയ ഐഡൻ്റിറ്റി വികസിപ്പിച്ചതെന്ന് പ്രകാശനം നിർവ്വഹിച്ച് ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
ഷാർജയുടെ മഹത്തായ അവസരങ്ങളും സാധ്യതകളും തുറന്നുകാണിക്കുന്നതിനൊപ്പം ഷാർജയുടെ സമ്പത്തും വൈവിധ്യവും പര്യവേക്ഷണം ചെയ്യാൻ ലോകത്തിനുളള ക്ഷണമാണ് പുതിയ ഐഡൻ്റിറ്റി പ്രതിനിധീകരിക്കുന്നതെന്ന് ഷാർജ ഡെപ്യൂട്ടി ഭരണാധികാരി സൂചിപ്പിച്ചു. നൂർ ദീപിലെ പ്രദർശനത്തിൽ ഷാർജയുടെ ഡെപ്യൂട്ടി ഭരണാധികാരി ഐഡൻ്റിറ്റിയുടെ അർത്ഥവും പ്രാധാന്യവും പ്രകടിപ്പിക്കുന്ന കലാപരമായ പ്രദർശനങ്ങൾ അവലോകനം ചെയ്തു.
ഷാർജയിലെ കല, വാസ്തുവിദ്യ, സാംസ്കാരിക, മേഖലകളിലെ തനതായ സവിശേഷതകളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് പുതിയ ഐഡൻ്റിറ്റി. സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക, വിനോദ മേഖലകളിലുടനീളം പുതിയ സാധ്യതകൾ നടപ്പാക്കുന്നതിനും അറിവ്, വിവരങ്ങൾ, സാങ്കേതികവിദ്യ എന്നിവയിൽ അധിഷ്‌ഠിതമായ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും പുതിയ ഐഡൻ്റിറ്റി വഴിയൊരുക്കുമെന്നും അധികൃതർ വിശദീകരിച്ചു.