യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചത്.
അരവിന്ദ് അപ്പുക്കുട്ടൻ എന്ന വ്യക്തമിയുടെ പേരിൽ ടിക്കറ്റെടുത്ത 20 അംഗ സംഘം സമ്മാനത്തുക പങ്കിട്ടെടുക്കും. ഷാർജയിൽ സെയിൽസ്മാനായ അരവിന്ദ് കഴിഞ്ഞ രണ്ട് വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. നവംബർ 22-ന് വാങ്ങിയ 447363 എന്ന ടിക്കറ്റാണ് സമ്മാനം ലഭിച്ചത്. വിജയിക്കുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമ്മാണ തൊഴിലാളി എം.ഡി.മെഹ്ദി 50,000 ദിർഹവും മലയാളിയായ ആകാശ് രാജ് 70,000 ദിർഹവും സമ്മാനം സ്വന്തമാക്കി. 2024-ലെ അവസാന ബിഗ് ടിക്കറ്റ് നറുക്കെടുപ്പാണ് ഇന്നലെ കഴിഞ്ഞത്.