റോഡപകട സാധ്യതകൾ ഒഴിവാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ഗതാഗത ബോധവത്കരണ പരിപാടികളുമായി ഷാർജ പൊലീസ്. ഡ്രൈവർമാർക്കിടയിലും യാത്രക്കാർക്കിടയിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഡ്രൈവർമാർക്കിടയിലും മറ്റ് റോഡ് ഉപയോക്താക്കൾക്കിടയിലും ട്രാഫിക് സംസ്കാരം മെച്ചപ്പെടുത്തുക, ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക, നിമയം പാലിക്കാത്ത സാഹചര്യത്തിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അറിയിക്കുക എന്നിവയും കാമ്പയിൻ ലക്ഷ്യമിടുന്നു.
‘സ്റ്റിക്ക് ടു യുവർ ലെയ്‌ൻ’ എന്ന മുദ്രാവാക്യമുയർത്തിയാണ് ട്രാഫിക് ബോധവത്കരണ കാമ്പയിൻ. ക്യാമ്പൈൻ ഒരുമാസം നീണ്ടുനിൽക്കും. ലൈൻ ട്രാഫിക്കിനെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. ഷാർജ പൊലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പൈൻ. മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഷാർജ പോലീസിലെ ട്രാഫിക് അവയർനെസ് ആൻഡ് ഇൻഫർമേഷൻ ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സൗദ് അൽ ഷൈബ വ്യക്തമാക്കി.
കഴഞ്ഞ വർഷം നിർബന്ധിത ലെയിൻ നിയമങ്ങൾ പാലിക്കാത്തതിനാൽ 168,483 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയതെന്ന് പോലീസ് ഡാറ്റ വ്യക്തമാക്കുന്നു. അമിതവേഗമാണ് നിയമലംഘനങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എല്ലാവർക്കുമായി റോഡുകൾ സുരക്ഷിതമാക്കുക എന്ന ഭരണ നേതൃത്വത്തിൻ്റെ കാഴ്ചപ്പാടിനും ആഭ്യന്തര മന്ത്രാലയത്തിൻ്റെ ലക്ഷ്യത്തിനും അനുസൃതമാണ് ക്യാമ്പൈൻ സംധടിപ്പിച്ചിട്ടുളളതെന്നും പൊലീസ് മേധാവികൾ പറഞ്ഞു. വിവിധ ഭാഷകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.