ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ ലളിതമാക്കി ഷാർജ. ഷാർജാ പോലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പ് മേധാവി കേണൽ റാഷിദ് അഹമ്മദ് അൽ ഫർദാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാൻ സ്മാർട്ട് ചാനലുകളിലൂടെയാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇപ്പോൾ വകുപ്പിന്റെ മൂന്നുശാഖകളിലായാണ് സേവനം നൽകുന്നത്. ട്രാഫിക് ഫയൽ തുറക്കൽ, ലൈസൻസ് പുതുക്കൽ, നഷ്ടപ്പെട്ടതും കേടായതുമായ ലൈസൻസുകൾ പുനഃസ്ഥാപിക്കൽ, ഡ്രൈവിങ് സ്കൂളുകളുമായി ഏകോപിപ്പിക്കൽ എന്നിവയെല്ലാം മൂന്ന് ശാഖകൾ കൈകാര്യംചെയ്യും.
ടെസ്റ്റുകളിൽ സുതാര്യത ഉറപ്പാക്കാൻ വാഹനങ്ങളിൽ ക്യാമറകളുണ്ട്. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചാൽ രണ്ട് ദിവസത്തിനകം ഉപഭോക്താക്കൾക്ക് ലൈസൻസ് ലഭിക്കും. ലൈസൻസിനായുള്ള നേത്ര പരിശോധനയ്ക്ക് രാജ്യത്ത് 213 കേന്ദ്രങ്ങളാണ് ഉള്ളതെന്ന് അൽ ഫർദാൻ വ്യക്തമാക്കി.