ഷാർജയിൽ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പടുത്തിയ ശേഷം അപ്പാർട്ട്മെൻ്റിൻ്റെ പത്താം നിലയിൽ നിന്ന് ചാടി മരിച്ചയാൾ ഇന്ത്യൻ യുവാവെന്ന് പൊലീസിൻ്റെ സ്ഥിരീകരണം. എന്നാൽ ഫ്ളാറ്റിനുളളിൽ നിന്ന് കണ്ടെത്തിയ ഭാര്യയുടേയും കുട്ടികളുടേയും മൃതദേഹങ്ങളിൽ അക്രമത്തിൻ്റേയെോ ചെറുത്തുനിൽപ്പിൻ്റേയോ അടയാളങ്ങൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും വിദഗ്ദ്ധ പരിശോധനകൾക്കുമായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്
ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ-സാരി അൽ ഷാംസാണ് അന്വേഷണത്തിൽ കണ്ടെത്തിയതിൻ്റഎ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.45 ന് ഷാർജ അൽ മജാസ് പ്രദേശത്തെ കെട്ടിടത്തിൻ്റെ പത്താം നിലയിൽ നിന്നാണ് 35കാരനായ യുവാവ് താഴേക്ക് ചാടിയത്.
ഒരാൾ ഉയരത്തിൽ നിന്ന് വീണതാണ് സംഭവമെന്നായിരുന്നു ആദ്യം അധികൃതർ കരുതിയിരുന്നത്. ബുഹൈറ കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗും ദേശീയ ആംബുലൻസിൽ നിന്നുള്ള ടീമുകളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവാവിൻ്റെ പോക്കറ്റിൽ നിന്ന് ലഭ്യമായ കുറിപ്പിലാണ് കൊലപാതകത്തെപ്പറ്റിയുളള സൂചന പോലീസിന് ലഭിക്കുന്നത്. പിന്നീട് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങി പൊലീസ് അപ്പാർട്ട്മെൻ്റ് തുറന്ന് പരിശോധിക്കുകയായിരുന്നു. ഭാര്യയുടേയും രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
വിശദമായ അന്വേഷണ റിപ്പോർട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് പോലീസ് കമാൻഡർ ഇൻ ചീഫ് അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും. അതേസമയം കുറ്റകൃത്യത്തിന് പിന്നിലെ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.