മലയാളികൾക്ക് അഭിമാനമായി മണലാരണ്യത്തിൽ നിന്ന് ഒരു മലയാളി പെൺകുട്ടി. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ഷാര്‍ജ എജ്യുക്കേഷനല്‍ എക്സലന്‍സ് അവാര്‍ഡ് (എസ്.എ.ഇ.ഇ) സ്വന്തമാക്കിയിരിക്കുകയാണ് യുഎഇയിലെ മുറൂർ അബൂദാബി ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി നക്ഷത്ര പ്രേം.
ഇരുപതിനായിരം ദിര്‍ഹമാണ് പുരസ്കാരത്തുകയായി ലഭിക്കുന്നത്. മാത്രമല്ല, അബൂദാബിയില്‍ നിന്ന് ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഏക വിദ്യാര്‍ഥിനി കൂടിയാണ് നക്ഷത്രയെന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികള്‍ക്കാകെ അഭിമാനമായിരിക്കുകയാണ്. യുഎഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ള നിരവധി വിദ്യാര്‍ഥികളെ പിന്നിലാക്കിയാണ് നക്ഷത്ര പുരസ്കാരം സ്വന്തമാക്കിയതെന്ന് ഇരട്ടി മധുരമായി. പ്രാഥമിക നിര്‍ണയത്തിലെ ജേതാക്കളെ വിദഗ്ധ പാനല്‍ അഭിമുഖം ചെയ്തതിന് ശേഷമാണ് പുരസ്കാരത്തിനുള്ള കുട്ടികളെ തിരഞ്ഞെടുത്തത്.
1151 അപേക്ഷകരില്‍ നിന്ന് പ്രാഥമിക പരീക്ഷയില്‍ വിജയിച്ച 486 പേരെ ആദ്യം തിരഞ്ഞെടുത്തു. ഇതിൽ നിന്ന് 41 പേരെയാണ് പാനല്‍ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഇവര്‍ക്കെല്ലാം ഇരുപതിനായിരം ദിര്‍ഹം വീതം സമ്മാനം ലഭിക്കും. ‘ഫോര്‍ ഔവര്‍ പ്ലാനറ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവായ നക്ഷത്ര പരിസ്ഥിതി സംരക്ഷണത്തോടുള്ള തന്റെ പ്രതിബദ്ധത കോപ് 28 സമ്മേളനവേദിയിലെ പ്രസംഗത്തിലടക്കം തെളിയിച്ചിട്ടുള്ള വിദ്യാർത്ഥിയാണ്.
മാത്രമല്ല, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉച്ചകോടിയിലും ലോക ശിശു സമ്മേളനത്തിലും നക്ഷത്ര പങ്കാളിയായിട്ടുണ്ട്. പാഠ്യ മികവിനു പുറമേ പ്രസംഗത്തിലും നൃത്തത്തിലും നക്ഷത്ര കഴിവുതെളിയിച്ചിട്ടുമുണ്ട്. പഠനശേഷം ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കാനാണ് നക്ഷത്രയുടെ ഏറ്റവും വലിയ ആഗ്രഹം. അര്‍ഹരായ ആളുകളുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. കൂടാതെ സുസ്ഥിരതാ വികസന ലക്ഷ്യത്തിനു വേണ്ടി ‘സ്റ്റാര്‍ കിഡ്’ സ്ഥാപിച്ച നക്ഷത്ര, കാരുണ്യ പ്രചാരണത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്.