അതിരുവിട്ട് ഭൂതകാലത്തെ സ്നേഹിക്കുന്നത് അപകടകരമാണെന്ന് ബൾഗേറിയൻ ബുക്കർ പുരസ്‌കാര ജേതാവ് ജോർജി ഗോഡ്‌സ്‌പോഡിനോവ്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന ‘ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ – ജോർജി ഗോഡ്‌സ്‌പോഡിനോവുമൊത്ത് ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ഇപ്പോൾ എന്തായിരിക്കുന്നുവോ അത് പോയ കാലത്തിന്റെ നഷ്ടപ്പെടലാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന് കരുതുക വയ്യ. 50 വർഷം മുൻപ് നമുക്ക് ഇതിനേക്കാൾ നല്ല ഭാവി ഉണ്ടായിരുന്നു. അതുകൊണ്ട് ജനങ്ങൾ ഭൂതകാലത്തിൽ അഭയം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഗോഡ്‌സ്‌പോഡിനോവ് പറഞ്ഞു.
ഗൃഹാതുരത്വം വ്യക്തിപരമായ ഒരു അനുഭവം മാത്രമാണെന്നും അത് പൊതുവായ അവസ്ഥയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗൃഹാതുരതയുടെ മറ്റൊരു തലം ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങളെക്കുറിച്ചുള്ള നൊസ്റ്റാൾജിയ ആണെന്നും ജോർജി പറഞ്ഞു. തന്റെ മാതാപിതാക്കൾക്ക് പാരീസ് ഒരു നൊസ്റ്റാൾജിയ ആയിരുന്നു. അവർ ഇതുവരെ അവിടെ പോയിട്ടില്ല. പുസ്തകങ്ങളിലൂടെയും സംഗീതത്തിലൂടെയും അറിഞ്ഞ മനോഹരമായ നഗരമാണ് അവരുടെ മനസിൽ.
തന്റെ നോവൽ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പാരിസിൽ പോയിരുന്നു. അവിടെ ചെന്ന ശേഷം മാതാപിതാക്കളെ വിളിച്ചപ്പോൾ പാരീസ് അത്ര വലിയ നഗരമൊന്നുമല്ല എന്ന് പറഞ്ഞു. എന്നാൽ അവർക്കത് ഉൾക്കൊള്ളാനായില്ലെന്നും ഗോഡ്‌സ്‌പോഡിനോവ് കൂട്ടിച്ചേർത്തു.