ദുബായ് ഭരണകുടുംബത്തിലെ ആദ്യ വനിതാ പൈലറ്റാണ് ഷെയ്ഖ മോസ ബിൻത് മർവാൻ അൽ മക്തൂം. മെയ് മാസം ആദ്യം ഇറ്റാലിയൻ പ്രതിരോധ, എയ്റോ സ്പേസ് കമ്പനി ലിയോനാർഡോയുടെ ഫിലാദൽഫിയയിലെ യുഎസ് ഹെലികോപ്റ്റർ ആസ്ഥാനം സന്ദർശിച്ചപ്പോൾ ടിൽട്രോറ്റർ വിമാനം പറത്തിയതാണ് പുതിയ വിശേഷം. ഒരു മണിക്കൂർ ഷെയ്ഖ മോസ ടിൽട്രോറ്റർ വിമാനം പറത്തിയത് സിവിൽ ഏവിയേഷൻ മേഖലയിലെ വനിതാ പൈലറ്റുമാർക്ക് മാതൃകയായി മാറിയിരിക്കുകയാണ്.
എമിറേറ്റ്സിന്റെ ബോയിംഗ് 777 ക്യാപ്റ്റൻ എന്ന നിലയിലും ലിയോനാർഡോ നിർമ്മിച്ച AW139 ഹെലികോപ്റ്ററിന്റെ സർട്ടിഫൈഡ് പൈലറ്റെന്ന നിലയിലും ഉള്ള ഷെയ്ഖ മോസയുടെ കഴിവാണ് ടിൽട്രോട്ടർ പറത്താൻ യോഗ്യത നേടാൻ കാരണമെന്ന് AW609 ടിൽട്രോറ്റർ നിർമ്മാതാവ് ലിയോനാർഡോ പറയുന്നു.
സിവിൽ സർട്ടിഫിക്കേഷൻ ലഭിച്ച ലോകത്തെ ആദ്യ ടിൽട്രോറ്റർ സെറ്റാണ് ഈ വിമാനം. ടർബോപ്രോപ്പ് വിമാനത്തിന്റെ സുഖസൗകര്യങ്ങൾ യാത്രക്കാർക്ക് നൽകുന്നതിനിടയിൽ തന്നെ ടേക്ക് ഓഫ് ചെയ്യാനും ലംബമായി ലാൻഡ് ചെയ്യാനും ഹെലികോപ്റ്റർ പോലെ സഞ്ചരിക്കാനും ഈ വിമാനത്തിന് കഴിയും.
വിഐപി സഞ്ചാരം, എമർജൻസി മെഡിക്കൽ സേവനങ്ങൾ, സെർച്ച് ആൻഡ് റെസ്ക്യു, സർക്കാർ ആപ്ലിക്കേഷനുകൾ എന്നിവയുൾപ്പെടെ വിവിധ ദൗത്യങ്ങൾക്ക് ഈ വിമാനങ്ങൾ ഉപയോഗിക്കാം. ഏകദേശം 1,400 കിലോമീറ്റർ റേഞ്ചുള്ള വിമാനത്തിന് 500 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പറക്കാനും കഴിയും. ഇത് പ്രത്യേക സഹായ ടാങ്കുകൾ ഉപയോഗിച്ച് 2,000 കിലോമീറ്ററായി വർദ്ധിപ്പിക്കാനും കഴിയും.