യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ബഹിരാകാശത്തുള്ള സുൽത്താൻ അൽ നെയാദിയും തമ്മിൽ ആശയവിനിമയം നടത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് 7ന് യുഎഇ സമയം വൈകുന്നേരം 4.50 നാണ് ഇരുവരും തമ്മിൽ ആശയ വിനിമയം നടത്തുക.
ആറുമാസം നീണ്ട ദൌത്യത്തിനാണ് യുഎഇ പൌരനായ സുൽത്താൻ അൽ നെയാദിയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സംഘം ഇരുന്നൂറിലധികം പരീക്ഷണങ്ങളാണ് ബഹിരാകാശ ലബോറട്ടറിയിൽ നടത്തുക.യുഎഇയുടെ ഭാവി ബഹിരാകാശ പദ്ധതികളുടെ തുടക്കമെന്ന നിലയിലും ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിൽ 20 പരീക്ഷണങ്ങൾ അൽ നെയാദിയുടെ മേൽനോട്ടത്തിലുളളതാണ്.യുഎസിൻ്റം സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, റഷ്യയുടെ ആൻഡ്രി ഫെഡ്യേവ് എന്നിവരും അൽനെയാദിക്ക് ഒപ്പമുണ്ട്.
2019ൽ യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അൽമൻസൂരിയുമായും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സംവദിച്ചിരുന്നു. എന്നാൽ എട്ട് ദിവസം മാത്രമാണ് അൽമൻസൂരി ബഹിരാകാശ നിലയത്തിൽ ചിലവഴിച്ചത്.
അതേസമയം ബഹിരാകാശ സഞ്ചാരികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുളള പ്രതിവാര പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ സ്പെയ്സ് സെൻ്റർ. 20,000 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പ്രത്യേക പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്.ആറ് മാസത്തിലുടനീളം 13 തത്സമയ കോളുകളും 10 ഹാം റേഡിയോ ആശയവിനിമയങ്ങളും ഉണ്ടാകുമെന്നാണ് സൂചനകൾ.