ഒരുനാടിൻ്റെ പ്രതീക്ഷകളെ ലോകത്തിൻ്റെ നെറുകയിലേക്ക് നയിച്ച ഭരണാധികാരികളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന പേരാണ് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിൻ്റേത്. കുടിവെള്ളം പോലും കിട്ടാക്കനിയായിരുന്ന ഒരുനാട്ടിൽ വിശാല വിസ്തൃത റോഡുകളും അംബരചുംബിയായ കെട്ടിടങ്ങളും തീർച്ച് വികസന പാതയിലേക്ക് നയിച്ച ഭരണാധികാരി. ആധുനിക യുഗത്തിലേക്ക് നീങ്ങുന്ന ലോകത്തിന് വഴികാട്ടിയായി മാറുന്ന രാജ്യമെന്ന നിലയിൽ യുഎഇ കുതിച്ചെത്തിയത് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഉൾപ്പടെയുളള ഭരണാധികാരികളുടെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും കൊണ്ടാണ്.
അച്ഛനും മുത്തച്ഛനും കൈമാറിയ പാരമ്പര്യവും നാടിൻ്റെ പൈതൃകവും സാംസ്കാരവും സമ്പത്തും കൈമുതലാക്കി ഒരു ജനതയെ അഭിമാനമുളളവരാക്കി മാറ്റുകയായിരുന്നു ഇക്കാലത്തിനിടിയിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ചൂട്ടുപൊളളുന്ന ചൂടിനെ വെല്ലുവിളിച്ചുളള മുന്നേറ്റത്തിൽ ഇന്നത്തെ ദുബായിലേക്കുളള ദൂരത്തിനും കാലത്തിനുമുളള
ഇച്ചാശക്തിയുടെ പേര് കൂടിയാണ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നത്.
ഒരു ഭരാണാധികാരിയുടെ കാഴ്ചപ്പാട് വ്യക്തമാക്കി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഒരിക്കൽ പറഞ്ഞു.. നമ്മൾ നമ്മൾ മാത്രമല്ലെന്ന്.. നമ്മളെന്നാൽ ലോകത്തിൻ്റെ ഭാഗമാണെന്ന്..
അത് ശരിവയ്ക്കും വിധം ലോകമെങ്ങുമുളള ലക്ഷക്കണക്കിന് ആളുകൾക്ക് അഭയമൊരുക്കി പ്രതീക്ഷകളുടെ അമരക്കാരനായി നിൽക്കുമ്പോൾ ശൈഖ് മുഹമ്മദിനൊപ്പം ദുബായ് എന്ന നാടും ജനതയും സന്തോഷിക്കുന്നുണ്ട്. മരുഭൂമിയിൽ നടപ്പാക്കിയ റോഡുകളും ഗതാഗത സൌകര്യങ്ങളും മാനം മുട്ടുന്ന സൌധങ്ങളും ഇതര അടിസ്ഥാന സൌകര്യങ്ങളും ഉൾപ്പടെയുളള ദുബായുടെ മുന്നേറ്റം കണ്ട്.
191 രാജ്യങ്ങളെ ദുബായിലേക്കെത്തിച്ച ദുബായ് വേൾഡ് എക്പോ,ലോകത്തിൻ്റെ കോവിഡ് ആശങ്കകളെ നിർവീര്യമാക്കുന്ന ഭരണാധികാരിയുടെ തീരുമാനങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലേക്കും, ആധുനികതയിലേക്കുമുളള ചുവടുവയ്പ്പുകൾ,ലോകരാജ്യങ്ങളെ ഉൾക്കൊണ്ട് നടപ്പാക്കുന്ന നയങ്ങൾ, സാമ്പത്തിക പരിഷ്കരണങ്ങൾ തുടങ്ങി അസാധാരണവും അപൂർവ്വവുമായ നീക്കങ്ങൾ നടപ്പാക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നതിലുളള പ്രാഗൽഭ്യം ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിനകം ലോകത്തിന് മുന്നിൽ പ്രകടമാക്കിയതാണ്.
വ്യക്തിജീവിതത്തിൽ പേരക്കുട്ടികളെ ലാളിക്കുകയും, കവിതകൾ പാടുകയും, അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ സ്നേഹനൊമ്പരം പങ്കിടുകയും ചെയ്യുന്ന ഒരു ഭരണാധികാരി, വനിതകളുടെ,യുവാക്കളുടെ, കുട്ടികളുടെ മുന്നേറ്റത്തിന്
പ്രഥമ പരിഗണന നൽകുന്ന ഭരണാധികാരി, ഭയന്ന് പിൻമാറുന്നതല്ല.. ദൈനംദിന വെല്ലുവിളികളെ നേരിട്ടാണ് മുന്നേറുന്നതെന്ന് ഉറച്ചുപറയുന്ന ഒരു ഭരണാധികാരി, അയാൾ നേത്യത്വം നൽകുന്ന ഒരു നാട് ലോകത്തിൻ്റെ കേന്ദ്ര നഗരമായില്ലെങ്കിലേ അത്ഭുതമുളളു..
2023 ജൂലൈ 15ന് 74ആം വയസ്സിൻ്റെ നിറവിലെത്തുമ്പോഴും ഹിസ് ഹൈനസ് ലോകത്തിന് സമ്മാനിക്കുന്നത് യുവത്വത്തിൻ്റെ ചിരിയാണ്..പുതുപ്രതീക്ഷകളാണ്.. പകരം വയ്ക്കാനില്ലാത്ത ഊർജ്ജമാണ്.. ആ ഭരണാധികാരിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് രാജ്യവും ജനതയും