യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച 6,802 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാന കയറ്റം നൽകി. വിവിധ മേഖലകളിൽ ആഗോള നേതൃത്വം കൈവരിക്കുന്നതിനുള്ള
ദുബായുടെ ശ്രമങ്ങൾക്ക് നേതൃത്വം നല്‍കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഉയർന്ന തലത്തിലുള്ള സേവനങ്ങളും ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുകയും ലക്ഷ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ദുബൈ പോലീസിൽ നിന്ന് 4,141 അംഗങ്ങൾക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽ നിന്ന് 323 പേര്‍ക്കും ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൽ നിന്ന് 1,458 പേര്‍ക്കും അവസരം ലഭ്യമായി. ദുബായിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ നിരവധി അംഗങ്ങൾക്കും സ്ഥാനക്കയറ്റമുണ്ട്. സുപ്രധാന പദവികൾ വഹിക്കുന്ന കമാൻഡർമാർ, സീനിയർ ഓഫീസർമാർ, നോൺ കമ്മീഷൻഡ് ഓഫീസർമാർ എന്നീ മേഖലകളിലും ഉദ്യോഗക്കയറ്റം നല്‍കി.
മികച്ച പ്രകടനങ്ങൾ വിലയിരുത്തിയാണ് സ്ഥാനക്കയറ്റം നല്‍കിയത്. അതേസമയം നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ നേട്ടങ്ങൾക്ക് കഠിനാധ്വാനം തുടരുന്നതിനും സ്ഥാനക്കയറ്റവും അര്‍ഹമായ പരിഗണനയും നല്‍കുന്നത് പ്രോത്സാഹനമായി കാണുന്നെന്ന് ദുബായ് പോലീസ് ആൻഡ് ജനറൽ സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ചെയർമാന്‍ ലെഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീം പറഞ്ഞു. ദുബായ് ഭരണാധികാരിക്ക് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു.