പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ പേരിൽ വ്യാജ കോളുകൾ വരുന്നതായി ദുബൈ ഇന്ത്യൻ കോൺസുൽ ഓഫിസിൻ്റെ മുന്നറിയിപ്പ്. യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ പ്രവാസികളെ ലക്ഷ്യംവെച്ച് വ്യാജകോളുകൾ എത്തുന്നതെന്നു പ്രവാസികൾ ജാഗ്രത പുലർത്തണമെന്നും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ കോൺസുൽ ഓഫിസ് മുന്നറിയിപ്പ് നൽകി.
നിലവിൽ ഇല്ലാത്ത എമിഗ്രേഷൻ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ പണം തട്ടാനാണ് ശ്രമം. ഇതിനായി പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ 80046342 എന്ന ടോൾഫ്രീ നമ്പർ ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ ബന്ധപ്പെടുന്നതെന്നും അധികൃതർ സൂചിപ്പിച്ചു. ഇത്തരം കോളുകളോട് പ്രതികരിക്കുകയോ പണം കൈമാറുകയോ ചെയ്യരുതെന്നും കോൺസുൽ അധികൃതർ നിർദ്ദേശിച്ചു.
യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ എമിഗ്രേഷൻ വിഷയവുമായി ബന്ധപ്പെട്ട് കോൺസുൽ ഓഫിസ് ഫോൺ വിളിക്കാറില്ലെന്നും വിവിധ ഭാഷകളിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റിൽ ദുബൈ ഇന്ത്യൻ കോൺസുൽ ഓഫിസ് വ്യക്തമാക്കി. കോൺസുൽ ഓഫിസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc