ദുബായിലെ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സാലിക് നിരക്കില്‍ മാറ്റം വരുത്തിയേക്കും. ഗതാഗതത്തിരക്ക് അനുസരിച്ച് ഡൈനാമിക് പ്രൈസിംഗ് രീതി അവതരിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. നിർദ്ദിഷ്ട പാതകളിലേക്കോ തിരക്കുള്ള സമയത്തോ ഉയർന്ന ടോൾ ഫീസ് ഈടാക്കുന്നതിലൂടെ ഗതാഗതത്തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് നിഗമനം.
നിലവിൽ 4 ദിർഹമാണ് സാലിക് ഈടാക്കുന്നത്. പുതിയ നിരക്ക് നിർണ്ണയ ഘടന ഭാവിയിൽ വരാനിരിക്കുന്ന ഏത് മാറ്റങ്ങളും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാലിക്ക് സിഇഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു. തിരക്കേറുമ്പോൾ കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുന്ന രീതി ലോകമെമ്പാടും നിലവിലുണ്ടെന്ന് സാലിക് ബോർഡ് ഓഫ് ഡയറക്ടർ വൈസ് ചെയർമാൻ അബ്ദുൾ മുഹ്സെൻ കലബത്തും വ്യക്തമാക്കി.
ആർടിഎയും സാലിക്കും നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗേറ്റുകളുടെ എണ്ണത്തിലോ താരിഫുകളിലോ വർദ്ധനവ് ഉണ്ടാകുകയെന്ന് സാലിക്ക് ചെയർമാൻ മത്തർ അൽ തായറും പറഞ്ഞു. ഇക്കാര്യത്തിൽ എക്സിക്യൂട്ടീവ് കൗൺസിൽ അന്തിമ തീരുമാനമെടുക്കും.
2007 മുതലാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സാലിക് റോഡ്-ടോൾ സംവിധാനം ദുബായില്‍ ആരംഭിച്ചത്. നിലവിൽ എട്ട് ടോൾ ഗേറ്റുകളും മൂന്ന് ദശലക്ഷം രജിസ്ട്രേഡ് വാഹനങ്ങളും ഉണ്ട്. 1.8 ദശലക്ഷം വാഹനങ്ങൾ ദുബായിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എമിറേറ്റിൽ തടസ്സമില്ലാത്ത ഗതാഗതം എന്ന പൊതു ലക്ഷ്യം കൈവരിക്കുന്നതിനാണ് ആർടിഎയും സാലികും പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
അതേസമയം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഹരികൾ പുറത്തിറക്കാനുളള നീക്കങ്ങളും സാലിക് സജീവമാക്കി. പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) 1 ബില്യൺ ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. അല്ലെങ്കിൽ 20 ശതമാനം ഓഹരികൾ വിൽക്കുമെന്നും സാലിക് തിങ്കളാഴ്ച പറഞ്ഞു. െഎപിഒ സെപ്റ്റംബർ 29 ഓടെ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (ഡിഎഫ്എം) ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു.