യുഎഇയിൽ താമസ വിസ നയത്തിൽ പുതിയ നിർദ്ദേശവുമായി അധികൃതർ. അഞ്ച് ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കുറഞ്ഞത് 10,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നാണ് പുതിയ നിർദ്ദേശം. സ്പോൺസർ ചെയ്യുന്ന വ്യക്തിയ്ക്ക് മതിയായ താമസ സൌകര്യങ്ങളും ഉണ്ടായിരിക്കണമെന്നും താമസ തിരിച്ചറിയൽ വിഭാഗം അറിയിച്ചു.
2022 ഒക്ടോബർ 3-ന് നടപ്പിലാക്കിയ കാബിനറ്റ് പ്രമേയത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് നടപടികളെന്ന് െഎസിപി സെക്യൂരിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസി പ്രമേയം പുറപ്പെടുവിച്ചു. കുറഞ്ഞ ശമ്പളം 15,000 ഉണ്ടെങ്കിൽ ആറ് ബന്ധുക്കളെ സ്പോൺസർ ചെയ്യാനാകും.ആറിലധികം ബന്ധുക്കളെ കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ അപേക്ഷകൾ ഡയറക്ടർ ജനറൽ വിശദമായി പരിശോധിക്കുമെന്നും അതോറിറ്റി അറിയിച്ചു.
ടൂറിസ്റ്റ് എൻട്രി വിസകൾ മുതൽ വ്യവസായ പര്യവേക്ഷണ വിസകൾ വരെ 15ൽപരം വിസകൾക്ക് പുതിയ നിബന്ധനകൾ ബാധകമായിരിക്കും. പ്രത്യേക അന്താരാഷ്ട്ര റസിഡൻസ് വിസകളും മറ്റ് മാനുഷിക കേസുകളും പുതിയ നിബന്ധനയുടെ പരിധിയിൽ വരും.പാസ്പോർട്ട്, ഐഡി കാർഡ് എന്നിവ നഷ്ടപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും പ്രമേയം വിശദീകരിക്കുന്നുണ്ട്.