യുഎഇ നിർമ്മിതമെന്ന മുദ്ര ലഭിക്കുന്ന ആദ്യ ദേശീയ ഉല്പന്നമായി മാറി ‘സബാ സനാബെൽ ഗോതമ്പ് പൊടി’. ഷാർജയിൽ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന ഗോതമ്പിൽ നിന്ന് നിർമ്മിക്കുന്ന പൊടി യുഎഇയിൽ ഇന്ന് നിലവിലുള്ളതിൽവെച്ച് ഏറ്റവും ഉയർന്ന ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതാണ്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഷാർജ അഗ്രികൾച്ചറൽ ആൻഡ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ കോർപ്പറേഷനാണ് ഗോതമ്പ് പൊടി ഉൽപ്പാദിപ്പിക്കുന്നത്. സബാ സനാബെൽ ഗോതമ്പ് പൊടിയുടെ ഉല്പാദനം എമിറേറ്റിന്റെയും യുഎഇയുടെയും ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ഷാർജയിലെ കൃഷി, കന്നുകാലി വകുപ്പ് ചെയർമാൻ ഡോ. ഖലീഫ മുസാബെഹ് അഹമ്മദ് അൽതെനെജി പറഞ്ഞു.
ആരോഗ്യത്തിന് ഹാനികരമാകുന്ന വളങ്ങൾ ചേർക്കാതെ ഷാർജയിലെ ഗോതമ്പ്പാടങ്ങളിൽ പ്രകൃതിദത്തമായ രീതിലാണ് കൃഷി ചെയ്യുന്നത്. ഇതിൽ ഉയർന്ന ശതമാനം പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാലും, രാവസളങ്ങൾ ചേർക്കാതെ കൃഷിചെയ്യുന്നതിനാലും യുഎഇയിൽ ഇന്ന് മാർക്കറ്റിൽ വിൽക്കപ്പെടുന്നവയിൽ ഉയർന്ന ഗുണനിലവാരമുള്ള ഉല്പന്നമായി സബാ സനാബെൽ ഗോതമ്പ് പൊടി മാറിയിട്ടുണ്ട്.