മാർച്ച് 25 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 12 മണി വരെ ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മെയ്‌ദാൻ റേസ്‌കോഴ്‌സിൽ നടക്കുന്ന ദുബായ് ലോകകപ്പിൻ്റെ ഭാഗമായി പ്രധാന പാതകളിൽ തിരക്കേറുമെന്നാണ് സൂചന.
അൽ മൈദാൻ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, ദുബായ്-അൽ ഐൻ റോഡ് എന്നിവയുൾപ്പെടെയുള്ള റോഡുകളിലാണ് ഗതാഗതം തടസ്സപ്പെടാൻ സാധ്യത. ട്രാഫിക് കുരുക്കുകൾ ഉണ്ടാവുകയും ലക്ഷ്യസ്ഥാനങ്ങളിലേക്കുളള യാത്ര വൈകുകയും ചെയ്യാൻ ഇടയുണ്ടെന്നും ആർടിഎ അറിയിച്ചു. ഡ്രൈവർമാരും അവശ്യ യാത്രക്കാരും നേരത്തെ പുറപ്പെടണമെന്നും ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും ആർടിഎ നിർദ്ദേശിച്ചു.
ദുബായിലെ വലിയ കായിക വിനോദങ്ങളിലൊന്നാണ് മെയ്‌ദാൻ റേസ്‌കോഴ്‌സിൽ നടക്കുന്ന കുതിരപന്തയം. ഈ വർഷത്തെ ലോകകപ്പിന് 12 രാജ്യങ്ങളിൽ നിന്നുള്ള 126 കുതിരകളാണ് മത്സരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ദുബായിലെ മാമാങ്കങ്ങളിൽ വെച്ച് ഏറ്റവും വലിയ സമ്മാനത്തുകയാണ് വിജയികൾക്ക് ലഭിക്കുക. ഒന്നാം സമ്മാനാർഹരാകുന്ന ഗ്രൂപ്പിന് 12 മില്യൺ ഡോളറാണ് പ്രതിഫലം. ആകെ 30.5 മില്യൺ ഡോളറാണ് സമ്മാനത്തുക.