പൊതുഗതാഗത രംഗത്ത് പുത്തൻ പരിഷ്കാരങ്ങളുമായി ദുബായ് ആർടിഎ. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ദുബായിൽ 1,600 കോടി ദിർഹത്തിൻ്റെ റോഡ് വികസന പദ്ധതികൾ നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നഗരത്തിൽ പുതിയ ട്രാം സർവീസ് ഉൾപ്പെടെ പദ്ധതിയിൽ ഇടംനേടിയിട്ടുണ്ട്.
ദുബായിയുടെ റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിന് പുതിയതായി 22 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതുവഴി റോഡിലെ തിരക്ക് പരമാവധി കുറച്ച് ജനങ്ങൾക്ക് സുഗമമായ യാത്ര ഒരുക്കുകയാണ് ആർടിഎ അധികൃതരുടെ ലക്ഷ്യം. അതോടൊപ്പം സർവ്വീസിനായി പാളമില്ലാ ഇലക്ട്രിക് ട്രാമുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വയം പ്രവർത്തിക്കുന്ന ട്രാമുകൾ സാങ്കൽല്പിക പാളത്തിലൂടെ ക്യാമറകളുടെ സഹായത്തോടെയാവും നീങ്ങുക. ഒരു തവണ ചാർജ് ചെയ്‌താൽ 100 കിലോമീറ്റർ സഞ്ചരിക്കാവുന്ന ട്രാമുകളാണ് സർവീസിന് ഇറക്കുക.
3 കോച്ചുകളാണ് ഓരോ ട്രാമിലും ഉണ്ടാവുക. ഇതിൽ 300 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കും. 70 കിലോമീറ്റർ വരെയാണ് ഉയർന്ന വേഗപരിധി. 25 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലാകും സർവീസ് നടത്തുക. പദ്ധതികൾ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തും വിലയിരുത്തി.