ഒരു മഴ വന്നു, നല്ല വെയിൽ വന്നു, നടന്നു പോകുമ്പോൾ കുടയില്ലെങ്കിൽ എന്ത് ചെയ്യും! ദുബായിലെ പ്രവാസികൾക്ക് ഇനി അതെപ്പറ്റി ആശങ്കവേണ്ട. പൊതുഗതാഗത യാത്രക്കാർക്ക് ‘ഷെയേർഡ് കുടകൾ’ വാഗ്ദാനം ചെയ്യുന്ന സവിശേഷ സേവനവുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ബർദുബായ് അൽ ഗുബൈബ ബസ് സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും മൂന്നുമാസത്തേക്കാണ് ആദ്യമായി സ്മാർട് കുട സേവനം ആരംഭിച്ചത്. പ്രമുഖ കനേഡിയൻ സ്മാർട്ട് അംബ്രല്ല ഷെയർ സർവീസ് കമ്പനിയായ അംബ്രാസിറ്റിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
പദ്ധതി വിജയകരമായാൽ മൂന്ന് മാസത്തിന് ശേഷം മറ്റ് മെട്രോ , ബസ് സ്റ്റേഷനുകളിലേക്കും സർവീസ് ആരംഭിക്കുമെന്ന് ആർടിഎ അധികൃതർ അറിയിച്ചു. നോൽകാർഡ് ഉപയോഗിച്ച് സ്മാർട് കുട വാടകയ്ക്കെടുക്കാം. ഉപയോഗ ശേഷം ഇവ തിരിച്ചേൽപ്പിക്കണം. ബർദുബായ് അൽ ഗുബൈബ ബസ് സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും ഇവിടെ സ്ഥാപിച്ച പ്രത്യേക അംബ്രല്ല ഷെയറിങ് നെറ്റ് വർക് മെഷീനിൽ നിന്ന് നോൽ കാർഡ് ഉപയോഗിച്ച് കുടയെടുക്കാം. ഉപയോഗ ശേഷം ഇവിടെ തന്നെ അത് തിരിച്ചേൽപ്പിക്കാനും സംവിധാനമുണ്ട്. തിരിച്ചേൽപ്പിച്ചില്ലെങ്കിൽ കുടയുടെ വില നോൽകാർഡിൽ നിന്ന് ഈടാക്കും.
ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനുമായി യോജിപ്പിച്ച്, സുസ്ഥിരവും ആരോഗ്യകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നഗര അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ദുബായിയുടെ പ്രതിബദ്ധത ഈ സംരംഭം കൊണ്ട് ലക്ഷ്യമിടുന്നു.