ദുബായിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാര്‍ത്ത. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ തിയേറ്ററില്‍ ബുധനാഴ്ച മുതല്‍ കാണികൾക്ക് പ്രവേശനം അനുവദിക്കും. സിനിമാ തിയേറ്റർ ശൃംഖലയായ റോക്സി സിനിമാസാണ് ദുബായ് ഹിൽസ് മാളിൽ മിഡിൽ ഈസ്റ്റിലെ എക്കാലത്തെയും വലിയ സിനിമാ സ്‌ക്രീനുമായി രംഗത്തെത്തിയത്.
25 മീറ്റർ വീതിയും 18 മീറ്റർ ഉയരവുമാണ് എക്‌സ്ട്രീം സ്‌ക്രീനിനുളളത്. അതായത് ഒരു ടെന്നീസ് കോർട്ടിന്റെ ഇരട്ടി വലുപ്പം. 382 പേർക്ക് ഇരിപ്പിടമുണ്ട്. സ്റ്റാൻഡേർഡ്, പ്രീമിയം, ഡയറക്‌ടേഴ്‌സ് ബോക്‌സുകൾ എന്നിങ്ങനെയാണ് സീറ്റുകൾ തരംതിരിച്ചിട്ടുളളത്. ഇരിപ്പിടങ്ങളില്‍ 36 എണ്ണം കാണികൾക്ക് സ്വകാര്യതയോടെ സിനിമ ആസ്വദിക്കാൻ അനുവദിക്കുന്ന വിധം ഡയറക്‌ടേഴ്‌സ് ബോക്‌സ് വിഭാഗത്തിലാണ് തയ്യാറാക്കിയിട്ടുളളത്. 12 സീറ്റുകളുള്ള മൂന്ന് ബോക്സുകൾ വ്യക്തിഗതമായി ബുക്കുചെയ്യാനും അവസരം നല്‍കുന്നതാണ്.
സിനിമകൾക്കൊപ്പം ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളും ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനമെന്ന് തിയേറ്റര്‍ ഉടമകൾ പറഞ്ഞു. 2022 ലെ ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക് പോകാൻ കഴിയാത്ത യുഎഇയിലുളള ഫുട്ബോൾ പ്രേമികൾക്ക് വലിയ സിനിമാ സ്ക്രീനിൽ എല്ലാ മത്സരങ്ങളും ആസ്വദിക്കാനാകും.
നാല് വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച പദ്ധതിയാണ് പൂര്‍ത്തിയായത്.
മിഡിൽ ഈസ്റ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക് അനുഭവം കാഴ്ചക്കാരന് പകരുകയാണ് ലക്ഷ്യമെന്നും യുഎഇ പ്രേക്ഷകർക്ക് ആഡംബരത്തിന്റെ പുതിയ തലങ്ങൾ പരിചയപ്പെടുത്തുകയാണെന്നും റോക്സി സിനിമാസ് ഡയറക്ടർ മുറേ റിയ വ്യക്തമാക്കി.